മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററിൽ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. പാലക്കാട് സ്വദേശിനിയാണ് ഇവര്‍. ഇവരേയും കേസില്‍ പൊലീസ് പ്രതി ചേര്‍ക്കും. നേരത്തേയും ഇത്തരത്തില്‍ പീഡനം നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കേസിലെ മുഖ്യപ്രതി മൊയ്തീൻ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തൃത്താല സ്വദേശിയായ മൊയ്തീൻ കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായി മൊയ്തീൻ കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെൺകുട്ടിയെയും മാതാവിനെയും സിനിമാ തിയേറ്ററിൽ എത്തിക്കുകയും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്സോ കോടതിയിൽ മൊയ്തീൻ കുട്ടിയെ ഇന്ന് ഹാജരാക്കും.

പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു കമ്മീഷന്‍. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഡിവൈഎസ്‌പി ഉള്‍പ്പടെയുളള പൊലീസ് ഉദ്യോഗസ്ഥരെന്നും കമ്മീഷന്‍ ആരോപിച്ചു. ഏപ്രിലില്‍ പരാതി നല്‍കിയിട്ടും ഇതുവരെ കേസ് എടുക്കാതിരുന്നത് സ്വാധീനത്തിന് വഴങ്ങിയതിനാലാണെന്നും ഉത്തരവില്‍ പറയുന്നു.

സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിന്റെ മുഖം ഇതോടെ കൂടുതല്‍ വികൃതമായിരിക്കുകയാണ്. കഴിഞ്ഞ 26 നാണ് പൊലീസില്‍ പരാതി ലഭിച്ചിട്ടും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡിവൈഎസ്‌പിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി കേസെടുക്കാന്‍ വൈകിപ്പിച്ചതിന് ഐപിഎസി 217 പ്രകാരവും, ഐപിസി 120 ബി പ്രകാരവും, പോക്‌സോ നിയമപ്രകാരവും കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ പൊലീസ് നാഥനില്ലാ കളരിയായി മാറിയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറത്തെ സംഭവം. സംഭവത്തിന്റെ ദൃശ്യമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമ നല്‍കിയിട്ടും കേസെടുക്കാതിരുന്നത് ലജ്ജാകരമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്.

പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട് എങ്കില്‍ അത് അക്ഷന്തവ്യമായ തെറ്റാണ് എന്ന് മന്ത്രി കെ.കെ.ഷൈലജ അഭിപ്രായപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈനും പറഞ്ഞു.

കേരളം ക്രിമിനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും വീണ്ടും വെളിവാക്കുന്നതാണ് മലപ്പുറത്ത് നടന്ന ഈ നീചമായ സംഭവമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ