തിരൂർ: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരവെ ലീഗ് കേന്ദ്രങ്ങളിൽ ആഹ്ളാദപ്രകടനം തുടങ്ങി. പികെ കുഞ്ഞാലിക്കുട്ടി ഇതിനകം ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കടന്നതോടെയാണ് മലപ്പുറം നഗരത്തിലുൾപ്പെടെ ലീഗ് പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങിയത്. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ മുന്നേറ്റത്തിനു കാരണം മതേതര നിലപാടിന്‍റെ വിജയമാണെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്‍റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയോടെ മലപ്പുറം ഗവ. കോളേജില്‍ ആരംഭിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര എന്നിവിടങ്ങളിൽ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും നേരത്തേ ഇടതുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസൽ മുന്നിട്ടു നിന്നെങ്കിലും കുഞ്ഞാലിക്കുട്ടി തിരിച്ചുപിടിച്ചു.

കൗണ്ടിങ് സൂപ്പര്‍വൈസര്‍ വൊട്ടെണ്ണല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷീറ്റ് മണ്ഡലത്തിലെ അസിസ്റ്റന്റ് ഒബ്‌സര്‍വര്‍ക്കു കൈമാറും. തുടര്‍ന്ന് എല്ലാ മണ്ഡലത്തിന്റെയും വോട്ടുകളുടെ എണ്ണം ശേഖരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ