തിരുവനന്തപുരം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിനെ മൂക്കുകയറിടാൻ യുപിഎ മുന്നണിക്ക് മാത്രമേ കഴിയൂ എന്ന് കേരളം വീണ്ടും തിരിച്ചറിയുന്നതായി ചെന്നിത്തല പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയുടെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയം ഇക്കാര്യം അടിവരയിടുന്നു. പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്ന ഓരോ വോട്ടും സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താണെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.

ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് 5,15,325 വോട്ടുകളാണ് ലഭിച്ചത്. സി പി എമ്മിന്റെ എം ബി ഫൈസലിന് 3,44,287 വോട്ടുകൾ ലഭിച്ചു. ബി ജെ പിയുടെ എൻ. ശ്രീപ്രകാശിന് 65,662 വോട്ടുകൾ ലഭിച്ചു. 4098 വോട്ട് നേടിയ നോട്ട മൂന്ന് മുന്നണി സ്ഥാനാർഥികളും കഴിഞ്ഞാൽ നാലാം സ്ഥാനത്തെത്തി.

2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. അതിനേക്കാൾ 23,701 വോട്ടിന്റെ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ