മലപ്പുറം: മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ കാര്യങ്ങളെല്ലാം പതിവുപോലെ നടന്നു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി വിജയിച്ചു. അപ്രതീക്ഷിതമായതൊന്നും സംഭവിക്കാതെ കടന്നുപോയി. എൽ ഡി എഫിനും യു ഡി എഫിനും പിടിച്ചു നിൽക്കാനുളള അവകാശവാദങ്ങൾ ഉന്നയിക്കാനുളള വക ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. നേട്ടങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുമ്പോൾ മലപ്പുറത്തെ കണക്കുകൾ ഇതാണ്.

ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. അതിനേക്കാൾ23,716 വോട്ടിന്റെ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിനിടെ പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദ് ആശുപത്രിയിൽ വച്ച് നിര്യാതനാവുകയായയിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് 5,15,330 വോട്ടുകളാണ് ലഭിച്ചത്. സി പി എമ്മിന്റെ എം ബി ഫൈസലിന് 3,44,307 വോട്ടുകൾ ലഭിച്ചു. ബി ജെ പിയുടെ എൻ. ശ്രീപ്രകാശിന് 65,675 വോട്ടുകൾ ലഭിച്ചു.2014 ൽ ഇ അഹമ്മദിന് ലഭിച്ചത് 4,37,723 വോട്ടും സ പി എമ്മിന്റെ പി കെ സൈനബയക്ക് 2,42,984 വോട്ടും ബി ജെ പി യുടെ എൻ. ശ്രീപ്രകാശിന് 64,705 വോട്ടുമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും വോട്ടിന്റെ എണ്ണം വർധിപ്പിക്കാൻ മുസ്ലിംലീഗിന് സാധ്യമായി എന്നത് അവർക്ക് ആശ്വാസമാണ്. ഇതേ ആശ്വാസമാണ് എൽ​ ഡി എഫിന് ഈ തിരഞ്ഞെടുപ്പിൽ ലഭിക്കുക. വോട്ടിന്റെ എണ്ണം വർധിപ്പിക്കാൻ സാധിച്ചുവെന്നതും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇ. അഹമ്മദിന്റെ ഭൂരിപക്ഷത്തേക്കാൾ കുറയ്ക്കാൻ സാധിച്ചുവെന്നതും എൽ ഡി എഫിന് അവകാശപ്പെടാം. 1,01,323 വോട്ടാണ് 2014 ലോകസഭ തിരഞ്ഞെടുപ്പിനേക്കാൾ എൽ ഡി എഫ് നേടിയത്. ഇങ്ങനെ നിലമെച്ചപ്പെടുത്താനായി എൽ ഡി എഫിന് . എന്നാൽ ബി ജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. അതിന് മുമ്പ് 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി ​എൻ. അരവിന്ദൻ 36,016 വോട്ട് ആണ് നേടിയിരുന്നത്. അതാണ് 2014 ലെ തിരഞ്ഞെടുപ്പിൽ 64,705 വോട്ടായി വർദ്ധിച്ചത്. ഏകദേശം ഇരട്ടി വോട്ട് ലഭിച്ചത്. 28,689 വോട്ടിന്റെ വർദ്ധനയാണ് ബി ജെ പി ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ കേന്ദ്രഭരണം ഉണ്ടായിരുന്നിട്ടും മലപ്പുറത്ത് പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടിയോളം അടുപ്പിച്ച് വോട്ട് വർദ്ധിപ്പിച്ച് നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് ഇത്തവണ ആയിരം വോട്ട് പോലും വർധിപ്പിക്കാൻ സാധിച്ചിട്ടില്ല എന്നാണ് ആദ്യ കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്രഭരണം കൈവശം ഉണ്ടായിട്ടും നേട്ടം കൊയ്യാൻ ഇവിടെ ബി ജെ പിക്ക് സാധിച്ചില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ബി ജെ പിയുടെ എൻ ഡി എയ്ക്ക് സാധിച്ചിരുന്നു. 73,447 വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ചത്. എന്നാൽ അതിനേക്കാൾ വളരെ കുറവ് വോട്ടാണ് ലഭിച്ചത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഴായിരിത്തിലേറെ വോട്ടുകൾ കുറവാണ് ബി ജെ പിക്ക് ലഭിച്ചത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടാൽ എൽ ഡി എഫിനായെങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലായി3,73,879 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ നേടിയത് 3,44,287 വോട്ടുകളാണ്. 29,592 വോട്ടിന്റെ കുറവുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ