മലപ്പുറം: മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പരീഷണങ്ങൾക്ക് ലീഗ് തയാറാവില്ലെന്ന് സൂചന. മുസ്‌ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയും പ്രമുഖ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ തന്നെ മത്സരത്തിന് ഇറക്കാനാണ് ലീഗ് നേതൃയോഗത്തിന്രെ തീരുമാനം. വൈകീട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് തന്നെയാകും നേതാക്കൾ പ്രഖ്യാപിക്കുക. അന്തരിച്ച എം.പി ഇ.അഹമ്മദിന്റെ മകൾ ഫൗസിയ സ്ഥാനാർഥി ആകും എന്നു നേരത്തെ വാർത്തകൾ വന്നിരുന്നു, യുവനേതാവായ ബഷീറലി ശിഹാബ് തങ്ങളുടെ പേരും ഉയർന്ന് കേട്ടിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന തരത്തില്‍ വരുന്ന പ്രചാരണം ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു. ഇ. അഹമ്മദിന് പകരം ദേശീയ നേതൃത്വത്തില്‍ ലീഗിന്റെ മുഖമായി കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

മുന്‍ എംപി ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 17ന് വോട്ടെണ്ണും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ