മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് സ്ഥാനാർഥിയാകും. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് പി.കെ.കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഈ മാസം 20 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടി തുടരുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. നിലവിൽ വേങ്ങര മണ്ഡലത്തിലെ എംഎൽഎയാണ് പി.കെ.കുഞ്ഞാലിക്കുട്ടി.

സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വത്തിൽ സജീവമായിരിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തരിച്ച എംപി ​ഇ.അഹമ്മദ് നേടിയ റെക്കോർഡ് ഭൂരിപക്ഷം നിലനിർത്താൻ വേണ്ടിത്തന്നെയാണ് പ്രമുഖ നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയത്. മുസ്‌ലിം ലീഗിന്റെ തീരുമാനം യുഡിഎഫും അംഗീകരിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. എന്നാൽ ഇ.അഹമ്മദിന് പകരം ദേശീയ നേതൃത്വത്തില്‍ ലീഗിന്റെ മുഖമായി കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് ചില കോണ്‍ഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

മുന്‍ എംപി ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 17ന് വോട്ടെണ്ണും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ