കോഴിക്കോട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്കക്കാൻ പി.ഡി.പിയുടെ തീരുമാനം.പി.ഡി.പിയുടെ സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടിയാണ് പി.ഡി.പി നിലപാട് പ്രഖ്യാപിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാട് സംബന്ധിച്ച തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുനാസർ മഅ്ദനിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ കമ്മിറ്റി തന്നെ തീരുമാനമെടുത്താല്‍ മതിയെന്ന് മഅ്ദനി നിര്‍ദേശിക്കുകയായിരുന്നു.

ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ എൽഡിഎഫാണ് ശ്രമങ്ങളാണ് നടത്തുന്നത്. കോൺഗ്രസിനോ, മുസ്ലീം ലീഗിനോ ബിജെപിക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും , മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഇടത്പക്ഷത്തിന് സാധിക്കുമെന്നും പിഡിപി നേത്രയോഗം വിലയിരുത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നും എണ്ണായിരം വോട്ടാണ് പിഡിപിക്ക് ലഭിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ തങ്ങൾക്കുണ്ടെന്നാണ്  പിഡിപിയുടെ അവകാശവാദം.

മലപ്പുറത്ത് സ്ഥാനാർഥിയെ നിർത്താത്ത പിഡിപിയുടേയും, എസ്‌ഡി പി ഐയുടെയും, വെൽഫയർ പാർട്ടിയുടേയും നിലപാട് വിവാദമായിരുന്നു. എസ് ഡി പി ഐ കഴിഞ്ഞ ദിവസം മനഃസാക്ഷി വോട്ട് രേഖപ്പെടുത്താമെന്ന് നിലപാട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ