മലപ്പുറം: നിലവിലെ ദേശീയ രാഷ്ട്രീയം ചർച്ചയാകുന്ന മലപ്പുറം തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടത് മുന്നണിക്ക് ഒപ്പം നിൽക്കുമെന്ന് എൽഎഡിഎഫ്​ സ്ഥാനാർഥി എം.ബി.ഫൈസൽ. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന വർഗീയ ധ്രൂവീകരണത്തിന് എതിരെ ജനരോക്ഷ ഉണ്ടാകും. കേരളത്തിൽ കാവിക്കൊടി നാട്ടാനുള്ള ശ്രമത്തെ മലപ്പുറത്തെ ജനങ്ങൾ തിരിച്ചറിയും. മതനിരപേക്ഷതയെ സംരക്ഷിക്കാൻ മലപ്പുറത്തെ ജനങ്ങൾ ഇടത് മുന്നണിക്ക് വോട്ട് ചെയ്യുമെന്നും മലപ്പുറത്തെ യുവജനങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നും ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.

Read More: മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് എം.ബി.ഫൈസൽ ഇടത് സ്ഥാനാർഥി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയായി എം.ബി.ഫൈസലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഒന്നടങ്കമാണ് ഫൈസലിനെ തിരഞ്ഞെടുത്തതെന്നും പാർട്ടി പൊളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും കോടിയേരി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് എം.ബി.ഫൈസൽ. ചങ്ങരംകുളം ജില്ലാ പഞ്ചായത്ത് വാർഡിനെയാണ് ഫൈസൽ പ്രതിനിധീകരിക്കുന്നത് .

മുസ്‌ലിം ലീഗിന് വ്യക്തമായ സ്വാധീനമുള്ള മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിന്റെ സ്ഥാനാർഥി. കഴിഞ്ഞ തവണ ഇ.അഹമ്മദ് നേടിയ രണ്ടു ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ