തിരൂർ: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി എം.ബി.ഫൈസൽ സ്ഥാനാർഥിയാകും. നിലവിൽ മലപ്പുറം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എം.ബി.ഫൈസലിന്രെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഒന്നടങ്കമാണ് ഫൈസലിനെ തിരഞ്ഞെടുത്തതെന്നും പാർട്ടി പൊളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും കോടിയേരി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് എം.ബി.ഫൈസൽ. ചങ്ങരംകുളം ജില്ലാ പഞ്ചായത്ത് വാർഡിനെയാണ് ഫൈസൽ പ്രതിനിധീകരിക്കുന്നത് .

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ വാദം. ദേശീയ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾ എല്ലാം മലപ്പുറം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നിർണായകമാവും. ഇന്ത്യയിൽ ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ടെന്നും കേരളത്തിൽ ഇത് അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി മലപ്പുറത്ത് വിജയിക്കുമെന്നും കോടിയേരി അവകാശപ്പെട്ടു.

മുസ്‌ലിം ലീഗിന് വ്യക്തമായ സ്വാധീനമുള്ള മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിന്റെ സ്ഥാനാർഥി. കഴിഞ്ഞ തവണ ഇ.അഹമ്മദ് നേടിയ രണ്ടു ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ