തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി. മുൻമന്ത്രിയും എം പിയുമായിരുന്ന ടി കെ. ഹംസ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി കെ റഷീദ് അലി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസൽ എന്നീ പേരുകളാണ് സംസ്ഥാന സെക്രട്ടേറിയറ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വെയ്ക്കുക.അതിനു ശേഷമായിരിക്കും സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പട്ടികയിൽ ഇല്ലെങ്കിലും ജില്ലാ കമ്മിറ്റിയിൽ നിന്നും മുൻ എം എൽ എയായിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം വി. ശശികുമാറിന്റെ പേര് ഉയർന്നുവരാനുളള സാധ്യതയുണ്ട്.

ദീർഘകാലം എം എൽ എയായിരുന്ന ഹംസ, മന്ത്രിയായും ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിലേറെ മഞ്ചേരി മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ലീഗിനെ തോൽപ്പിച്ച് ലോകസഭയിലേയ്ക്ക് പോയതും ഹംസയാണ്. 2004 ലെ ഇടതുപക്ഷ തരംഗത്തിൽ ലീഗ് നേതാവ് കെ പി എ മജീദിനെ തോൽപ്പിച്ചാണ് ഹംസ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1962 മുതലുളള​ തിരഞ്ഞെടുപ്പ് ചരിത്രത്തെ തിരുത്തിയെഴുതിയാണ് ഹംസ സി പി എമ്മിനു വേണ്ടി 2004ൽ മഞ്ചേരി പിടിച്ചത്. ആ പിൻബലമാണ് ഹംസയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ തുണയാകുക. എന്നാൽ പ്രായമാണ് അദ്ദേഹത്തിന് മുന്നിൽ വില്ലനാകുന്നത്. പുതു തലമുറയെ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗത്തിനുണ്ട്. അതിനാൽ തന്നെ ആ അഭിപ്രായത്തേക്കാൾ മുൻതൂക്കം ഹംസയ്ക്ക് ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാവൂ. ജില്ലാകമ്മിറ്റിയുടെ അഭിപ്രായം കൂടെ പരിഗണിച്ച ശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കുകയുളളൂ.

മലപ്പുറം ജില്ലാപഞ്ചായത്തംഗവും പഞ്ചായത്തിലെപ്രതിപക്ഷ നേതാവുമായ ടി കെ റഷീദ് അലിയാണ് സാധ്യത കൽപ്പിക്കുന്ന രണ്ടാമൻ. അങ്ങാടിപ്പുറം ഡിവിഷനിൽ നിന്നും ജില്ലാപഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റഷീദ് അലി നേരത്തെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തിനൊപ്പം പരിഗണിക്കുന്ന മറ്റൊരു പേര് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസലിന്റെ പേരാണ്. യുവതലമുറയ്ക്ക് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചാൽ ഇവരിലൊരാളാകും സ്ഥാനാർത്ഥിയെന്നാണ് കരുതുന്നത്. എന്നാൽ മലപ്പുറം ജില്ലയിൽ നിന്നും വി ശശികുമാറിന്റെ പേരും പരിഗണിക്കണമെന്ന് അഭിപ്രായമുളളവരുണ്ട്. ഇതിൽ ആരാകും സ്ഥാനാർത്ഥിയെന്ന് സംസ്ഥാന സമിതി കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുളളൂ
എതിർ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയാണെന്നതിനാൽ സി പി എം വളരെ കരുതലോടെയായിരിക്കും സ്ഥാനാർത്ഥി നിർണയം നടത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ