തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന് എൽഎഡിഎഫ് കൺവീനർ വൈക്കം വിശ്വൻ.  ഇടത് സർക്കാരിന്റെ പ്രവർത്തനം ജനപക്ഷത്ത് നിന്നിട്ടുള്ളതാണെന്ന് വൈക്കം വിശ്വൻ പറഞ്ഞു. മലപ്പുറം ലോക്സഭ മണ്ഡലം ഇടതു പക്ഷത്തിന് ബാലികേറാമലയല്ല. കുറ്റിപ്പുറത്തും, മഞ്ചേരിയിലും എൽഡിഎഫ് അദ്ഭുത പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ​ ആകുമെന്ന് നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ പറഞ്ഞിരുന്നു.  സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന സാഹചര്യങ്ങൾ വിലയിരുത്തിയുള്ളതല്ലെന്ന് വിമർശനം ഉയർന്നിരുന്നു. അതേസമയം, മുസ്‌ലിം ലീഗിന് മേൽക്കൈയുള്ള മലപ്പുറം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി അനായാസം വിജയം നേടുമെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ  വിലയിരുത്തൽ. ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസലിനെയാണ് സിപിഎം സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. ബിജെപിക്കായി യുവനേതാവ് എൻ.  ശ്രീപ്രകാശാണ് മത്സരരംഗത്തുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ