മലപ്പുറം: നാട് വേനല്‍ വെയിലില്‍ വെന്തുരുകിത്തുടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ഒരു ഉപതിരഞ്ഞെടുപ്പിന്റെ കൂടി അധിക ചൂടിന്റെ പിടിയിലായിരിക്കുകയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പതിവുപോലെ നടക്കുന്ന കാര്യങ്ങളിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഇവിടെയുണ്ടായുളളൂ. ഇ.അഹമ്മദ് നിര്യാതയായതിനാൽ പേരിൽ മാത്രം മാറ്റംവന്നു. ഇത്തവണ പുതുമുഖം. അത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പെ പേര് വന്നു. പി.കെ.കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകും എന്ന് ശ്രുതി ഉയർന്നു. പാർട്ടി പറഞ്ഞാൽ ഏത് ഉത്തരവാദിത്വവും നിറവേറ്റും എന്ന് പ്രഖ്യാപിച്ച് കുഞ്ഞാലിക്കുട്ടിയും പതിവ് തെറ്റിക്കാതെ വിനായന്വിതനായി. ലീഗിന്റെ തീരുമാനം ആ വിനയത്തിലലിഞ്ഞു. കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയായി. പിന്നീട് ആചാരമുറ തെറ്റിക്കാതെ സിപിഎമ്മും ബിജെപിയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ആദ്യഘട്ടത്തെ ഉത്തരവാദിത്വം നിറവേറ്റി.

സിപിഎമ്മും മുസ്‌ലിം ലീഗും ബിജെപിയും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതോടെ മത്സര ചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലിം ലീഗ് രംഗത്തിറക്കിയ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിര്‍ദേശ പത്രികസമര്‍പ്പിച്ച് പൊതു പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടു. എല്‍ഡിഎഫ് രംഗത്തിറക്കിയ സിപിഎമ്മിന്റെ ജില്ലയിലെ യുവനേതാവ് എം.ബി.ഫൈസലിനെയാണ്. ബിജെപി സ്ഥാനാർത്ഥി 2014-ല്‍ ഇവിടെ നിന്നും ലോകസഭയിലേയ്ക്ക് ജനവിധി തേടിയ എന്‍. ശ്രീപ്രകാശുമാണ്. മൂവരും പ്രചാരണ പര്യടനങ്ങളിലാണ്.

Read More: ആ 79,000 വോട്ട് ഇത്തവണ ആർക്ക്? മലപ്പുറം പുതിയ പരീക്ഷണത്തിന്റെ വേദിയാകുന്നു

ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണം ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. മലപ്പുറം, വേങ്ങര, കൊണ്ടോട്ടി, മഞ്ചേരി, വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ, മങ്കട എന്നീ ഏഴു മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് മുസ്‌‌ലിം ലീഗ് അംഗങ്ങളാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ച ഇ.അഹമ്മദിന് ലഭിച്ചത് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണെന്നതും വിജയസാധ്യതാ പ്രവചനങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളില്‍ നിന്നും ബഹുദൂരം മുന്നിലെത്തിക്കുന്നു. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ അഹമ്മദിന്റെ പിന്‍ഗാമിയായി പാര്‍ലമെന്റിലേക്ക് കന്നിപ്പോരാട്ടത്തിനിറങ്ങിയ കുഞ്ഞാലിക്കുട്ടി തന്നെ മലപ്പുറത്ത് നിന്നും ലോക്‌സഭയിലെത്തും. മത്സര രംഗത്തുള്ള മൂന്ന് പാര്‍ട്ടികളുടേയും ജില്ലയിലെ ശക്തി കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് മലപ്പുറം മണ്ഡലമെന്നതിനാല്‍ ആരു ജയിച്ചാലും അണികളെ തൃപ്തിപ്പെടുത്താന്‍ മൂന്ന് കക്ഷികള്‍ക്കും പ്രചാരണം കൊഴുപ്പിക്കേണ്ടി വരും.

by election, malappuram,

വിജയം എന്ന ലക്ഷ്യം കണ്ടില്ലെങ്കിലും മുസ്‌ലിം ലീഗിന്റെ നിലവിലെ ഭൂരിപക്ഷം കുറയ്ക്കുകയും പുതിയൊരു യുവ നേതാവിനെ ഉയര്‍ത്തിക്കൊണ്ടു വരികയുമാണ് സിപിഎം മലപ്പുറത്ത് ലക്ഷ്യമിട്ടിരിക്കുന്നത്. സജീവ പരിഗണനയിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗവും 2006-ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് മിന്നുന്ന അട്ടിമറി ജയവുമായി ലോക്‌സഭയിലെത്തുകയും ചെയ്ത ടി.കെ.ഹംസ, 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കട മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച ജനകീയനും സിപിഎം യുവ നേതാവും ജില്ലാ പഞ്ചായത്തംഗവുമാണ് ടി.കെ.റഷീദലി, എന്നീ രണ്ടു പേരെ മറികടന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസല്‍ അവസാന നിമിഷം അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ റഷീദലിയെ അവതരിപ്പിച്ച പോലെ സിപിഎമ്മിന് രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ള മലപ്പുറത്ത് ഒരു പുതിയ യുവ നേതാവിനെ കൂടി കൂടുതല്‍ വിശാലമായ തിരഞ്ഞെടുപ്പു ഗോദയിലിറക്കി പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാന കമ്മിറ്റി ഫൈസലിനെ പിന്തുണച്ചത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ 36-കാരനായ ഫൈസല്‍ നിലവില്‍ ചങ്ങരംകുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവുമാണ് ഫൈസൽ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ജയിച്ച മണ്ഡലങ്ങളിലെല്ലാം വന്‍ തോതില്‍ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ട് സിപിഎം മലപ്പുറം ഉപതിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വേങ്ങര ഒഴികെ മറ്റിടങ്ങളിലെല്ലാം സിറ്റങ് എംഎല്‍എമാരുള്‍പ്പെടയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് 2016-ലെ നിയസഭാ തിരഞ്ഞെടുപ്പിലുണ്ടായത്.

ഈ കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു നീക്കങ്ങള്‍. ഫൈസല്‍ പര്യടനം തുടങ്ങിയിട്ടുണ്ടെങ്കിലും വ്യക്തമായ തിരഞ്ഞെടുപ്പു പ്രാചരണ പരിപാടിക്ക് എല്‍ഡിഎഫ് തിങ്കളാഴ്ചയാണ് അന്തിമ രൂപം നല്‍കുക. ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളായ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ മൊത്തം വോട്ടുകളില്‍ നിര്‍ണായകമാകും. ഏഴു മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറക്കാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞെങ്കിലും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് വലിയ പരുക്കേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇതു തന്നെയായിരിക്കും ഏപ്രില്‍ 17-ന് ഉപതിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോഴും മലപ്പുറത്തിന്റെ വിധി. തെിരഞ്ഞെടുപ്പ് നടക്കുന്നത് ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ള ലോക്‌സഭയിലേക്കാണെന്നതിനാല്‍ ഇരു കക്ഷികളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ സമാനതകളേറെയാണ്. ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന കുഞ്ഞാലിക്കുട്ടി ഈയിടെയായി ആവര്‍ത്തിച്ചു പറയുന്നത്. ഇടതു പക്ഷത്തേയും ഈ കൂട്ടായ്മയോട് ചേര്‍ത്ത് അദ്ദേഹം പരാമര്‍ശിച്ചതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാടില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ല. ഈ സാഹചര്യത്തിലാണ് പുതുമുഖമായ ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കുഞ്ഞാലിക്കുട്ടിയുടെ ജയം എളുപ്പമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആക്ഷേപമുയര്‍ന്നത്.

2014-ല്‍ ഇ.അഹമ്മദ് 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ പി.കെ.സൈനബയെ തോല്‍പ്പിച്ചത്. അഹമ്മദിന്റെ ഭൂരിപക്ഷം വര്‍ധിക്കാന്‍ തട്ടമിടാത്ത സൈനബയുടെ സ്ഥാനാര്‍ത്ഥിത്വം പുരുഷന്‍മാരേക്കാള്‍ വനിതാ വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ കാരണമായെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. നിലവിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഇത് 1,18,694 -ല്‍ എത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.

മലപ്പുറത്തും വലിയ പ്രചാരണ കോലഹലങ്ങളുണ്ടാക്കുമെന്ന മട്ടിലാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 2014-ല്‍ മലപ്പുറത്ത് മത്സരിച്ച ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശ്രീപ്രകാശിനെ തന്നെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടുകള്‍ 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ സമാഹരിക്കാനായി എന്നതാണ് 47-കാരനായ ശ്രീപ്രകാശിന്റെ നേട്ടമായി പാര്‍ട്ടി വിലയിരുത്തിയത്. 64,705 വോട്ടുകളാണ് മഞ്ചേരി ബാറില്‍ അഭിഭാഷകനായ ശ്രീപ്രകാശ് അന്നു നേടിയത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മണ്ഡലത്തില്‍ സ്ഥിതി മെച്ചപ്പെടുത്തി. 73,447 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി നേടിയത്. ജില്ലയിലെ ബിജെപിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ വള്ളിക്കുന്ന് മലപ്പുറം മണ്ഡലത്തിന്റെ ഭാഗമാണെന്നതും ഒരു അനൂകൂലഘടകമാണ്. വള്ളിക്കുന്നിലെ 22,887 വോട്ടുകളാണ് ജില്ലയിലെ 16 മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ഏറ്റവും മെച്ചപ്പെട്ട നില.

ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ ജയത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടായിരിക്കും ബിജെപി മലപ്പുറത്തും പ്രചാരണ രംഗത്തിറങ്ങുക. മുസ്‌ലിം വിഷയങ്ങള്‍ എടുത്തിട്ട് ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കാന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ഒരു ഭാഗത്ത് ശ്രമം നടത്തുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിലെ പോലെ ഇവിടെ അത് വിലപോകില്ല. പാണ്ടിക്കാട് സ്വദേശിയായ ശ്രീപ്രകാശ് എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ തിരുവനന്തപുരം ലോ കോളജ് എബിവിപി യൂണിറ്റ് പ്രസിഡന്റ്, തിരുവനന്തപുരം സിറ്റി യൂണിറ്റ് ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം ബിജെപി ജില്ലാ സെക്രട്ടറിയായിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ 2006-ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. 2015-ല്‍ പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിലേക്കും മത്സരിച്ചു.

by election 2017, malappuram

മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അഹമ്മദിന്റെ മരണ ശേഷം പാര്‍ലമെന്റിലേക്ക് അടുത്ത പാര്‍ട്ടി പ്രതിനിധിയായി തുടക്കം മുതലെ ഉയര്‍ന്നു കേട്ട പേരാണ് കുഞ്ഞാലിക്കുട്ടിയുടേത്. ചര്‍ച്ചകളൊന്നും നടന്നിരുന്നില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളിലും അഭിപ്രായ പ്രകടനങ്ങളിലും ഇതു വ്യക്തമായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ തന്നെ പാര്‍ട്ടി അഹമ്മദിന്റെ പിന്‍ഗാമിയായി അവതരിപ്പിച്ചു. അഹമ്മദിന്റെ അന്ത്യനിമിഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തോട് കാണിച്ച അനാദരവും മനുഷ്യാവകാശ ലംഘനങ്ങളും തന്നെയായിരിക്കും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ എടുത്തു പ്രയോഗിക്കുന്ന മുഖ്യ പ്രചാരണ വിഷയം. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തുന്ന ഈ പോരാട്ടം വഴി അഹമ്മദിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം തിരുത്തി എഴുതാമെന്നും ലീഗ് കണക്കുകൂട്ടുന്നു. വിജയം എന്നതിലുപരി ഭൂരിപക്ഷം കൂട്ടുന്നതിനെ കുറിച്ചു മാത്രമാണ് ലീഗ് ക്യാംപുകളില്‍ ചര്‍ച്ച. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയും കീഴ്ഘടകങ്ങളെ ഒരുക്കി നിര്‍ത്തിയും പ്രചാരണത്തില്‍ നേരത്തെ തന്നെ ലീഗ് മുന്നിട്ടു നില്‍ക്കുന്നു. ഇടതു പക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ഇരു മുന്നണികളിലുമില്ലാത്ത കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് എന്നിവരും കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാര്‍ത്ഥിയാകുന്നതിനു തൊട്ടുമുമ്പാണ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി നിയമിതനാകുന്നത്. ദേശീയ നേതൃസ്ഥാനവും ലോക്‌സഭാംഗത്വവും ഉപയോഗിച്ച് പാര്‍ട്ടിയെ കേരളത്തിനു പുറത്തേക്കും വളര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന അവകാശവാദമൊക്കെ പാർട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. ഇതിന്റെ ഭാഗമായി പല സുപ്രധാന തീരുമാനങ്ങളും വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗം എടുത്തിട്ടുണ്ട്.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മലപ്പുറത്ത് ഒരു ഉപതിരഞ്ഞെടുപ്പ് കൂടി വേണ്ടി വരും. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന വേങ്ങര മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുകയാണ്. അനാവശ്യമായി ഒരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന വാദം കൂടി തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുന്നതോടെ എൽഡിഎഫും ബിജെപിയും ഉയർത്തിയേക്കാം. നിയമസഭാംഗത്വത്തിന് നാലു വര്‍ഷം ഇനിയും കാലാവധി ഉണ്ടെന്നിരിക്കെയാണ് രണ്ടു വര്‍ഷം മാത്രം കാലാവധി ബാക്കിയുള്ള ലോക്‌സഭയിലേക്ക് കുഞ്ഞാലിക്കുട്ടി പോകുന്നത്. ഇത് കടുത്ത വിമര്‍ശനത്തിന് വിധേയമായേക്കും. എങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാകും ലീഗ് ഇതിനു മറുപടി പറയുക.
മലപ്പുറം നഗരസഭയിലേക്ക് മത്സരിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് നാലു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരേ ഒരു തിരഞ്ഞെടുപ്പു പരാജയം മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂ. 2001-ല്‍ കുറ്റിപ്പുറത്ത് കെ.ടി.ജലീലിനോടായിരുന്നു ആ തോല്‍വി. പിന്നീട് സ്വന്തം മണ്ഡലമായ വേങ്ങരയിലൂടെ തിരിച്ചെത്തി. എട്ടു തവണ നിയമസഭാ പോരാട്ടങ്ങളില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോയാൽ വേങ്ങരയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകും എന്നതു സംബന്ധിച്ച ഊഹാപോഹങ്ങളും ശക്തിപ്രാപിച്ചിട്ടുണ്ട്. ലീഗില്‍ ആഭ്യന്തരമായി വിഭാഗീയത ശക്തിപ്രാപിച്ചു വരുന്ന ഈ ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന് നറുക്ക് വീണേക്കാം. അങ്ങനെ വന്നാല്‍ മജീദിന് ഇതൊരു സുവര്‍ണാവസരമായേക്കാം. 2004-ല്‍ ലീഗിന്റെ കോട്ടയായ മഞ്ചേരി ലോകസഭാ മണ്ഡലത്തില്‍ ടി.കെ.ഹംസയോടേറ്റ കനത്ത പരാജയവും ലീഗിന്റെ ഏറ്റവും വലിയ വോട്ടു ബാങ്കായ സമുദായ സംഘടനയുടെ കടുത്ത വിയോജിപ്പും മജീദിന്റെ പാര്‍ലമെന്ററി രാഷ്ട്രീയ അവസരങ്ങള്‍ക്ക് വിലങ്ങു തടിയാവുകയായിരുന്നു.

കുഞ്ഞാലികുട്ടി മലപ്പുറത്ത് ജയിച്ചാൽ പാര്‍ട്ടിക്ക് ഒരു നിയമസഭാ കക്ഷിനേതാവിനെ ആവശ്യമായി വരും. തലമുതിര്‍ന്ന നേതാവായ മജീദിനെ സഭയിലെത്തിക്കുന്നതോടെ അദ്ദേഹത്തെ ഈ പദവിയിലിരുത്തി തന്റെ എതിര്‍ ചേരി പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കുന്നതു തടയാന്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടി കഴിയും. ഡല്‍ഹിയിലേക്കു പോയാലും കേരളത്തിലെ യുഡിഎഫിന്റെ നേതൃനിരയില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമെല്ലാം ആവര്‍ത്തിച്ച് പറയുന്നുണ്ട്. കേരളത്തിലെ യുഡിഎഫിലെ പ്രശ്നപരിഹാരിയായി പലപ്പോഴും രംഗത്തെത്തുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അതിനാൽ തന്നെ അദ്ദേഹത്തെ കേരളവുമായി ബന്ധപ്പെടുത്തി നിർത്തണമെന്നത് മുന്നണിയിലെ ഘടകകക്ഷികൾക്കു താൽപര്യവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ