ബെംഗളൂരു: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്ര പോയ വിദ്യാർഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസിൽ യാത്രചെയ്യവെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപെട്ടാണ് വിദ്യാർഥി മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട് സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിന്റെ മകൻ മുഹമ്മദ് ഇർഷാദ് (19) ആണ് മരിച്ചത്.
പെരുന്നാള്‍ ആഘോഷിക്കാനായി മറ്റ് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് പോവാനായിരുന്നു പദ്ധതി. എന്നാല്‍ തമിഴ്നാട് -കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ആറോടെ അപകടം സംഭവിക്കുകയായിരുന്നു. കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസ് ഹൊസൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ചായ വാങ്ങാൻ വേണ്ടി ഇർഷാദ് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ വിടാന്‍ നേരമായിട്ടും ഇര്‍ഷാദ് വണ്ടിയില്‍ കയറിയില്ല. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് ഇര്‍ഷാദ് ഓടി വന്നത്. അപ്പോഴേക്കും ട്രെയിനിന് വേഗതയായിരുന്നു.
ഇര്‍ഷാദ് ഓടി വന്നപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ പിടിച്ചു കയറ്റാനായി കൈ നല്‍കിയെങ്കിലും കാല്‍ വഴുതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ഇര്‍ഷാദ് വീണെങ്കിലും ട്രെയിന്‍ ഏറെ നേരം മുന്നോട്ട് പോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇര്‍ഷാദ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൊസൂരിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ചയോടെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഹമീദ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.