മലപ്പൂറം: ഓട്ടുമ്പ്രം തൂവല്‍ തീരത്ത് 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല താനൂര്‍. ബോട്ടിനുള്ളില്‍ കയറാതെ അപകടം മനസിലാക്കി പിന്നോട്ട് പോയവരും, ലൈഫ് ജാക്കറ്റിട്ടതുകൊണ്ട് മാത്രം മരണപ്പുഴയില്‍ നിന്ന് നീന്തിക്കയറിയവരും നടുക്കത്തില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല.
ബോട്ടിലുണ്ടായിരുന്ന രാജിസ എന്ന യുവതിയുടെ ശബ്ദത്തില്‍ അപകടം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭയം നിലനില്‍ക്കുന്നുണ്ട്. മനോരമ ന്യൂസിനോടായി രാജിസ ബോട്ടപകടത്തെക്കുറിച്ച് വിവരിച്ചത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നു രാജിസ ബോട്ടില്‍ കയറിയത്.
“ഞങ്ങള്‍ കയറുമ്പോള്‍ ബോട്ടില്‍ മൂന്ന് ഫാമിലിയോടടുത്തുണ്ടായിരുന്നു…
കുഞ്ഞ്, പിഞ്ചു മക്കളൊക്കയുണ്ട്. ഒരു കുട്ടി വിശന്നിട്ട് കരയുവാണ്, വെള്ളത്തിന് വേണ്ടിട്ട്. അപ്പൊ ഒരു താത്ത വെള്ളമുണ്ടോന്ന് ഞങ്ങളോട് ചോദിച്ചു, ഞങ്ങള്‍ വെള്ളമൊക്കെ കൊടുത്തു.
ഞാന്‍ മൂന്ന് ജാക്കറ്റ് എടുത്തുകൊണ്ട് വന്നു, ഒരെണ്ണം വലുതായിരുന്നു. ഏട്ടന്‍ മൂന്ന് കുട്ടികള്‍ക്കും ജാക്കറ്റ് ഇട്ട് കൊടുത്തു. നാല് പേര്‍ മാത്രമാണ് ജാക്കറ്റിട്ട് ഞങ്ങള്‍ കണ്ടത്.
ബോട്ട് കൊറെ അങ്ങ് പോയപ്പൊ വളച്ചു, എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എല്ലാവരും ഒരു സൈഡിലേക്ക് അങ്ങ് പോയി. എല്ലാരും തെറിച്ച് പോയി.
ഞാനും വെള്ളത്തിനടിയിലേക്ക് പോയി. നിലയില്ലായിരുന്നു. എങ്ങനെയൊക്കെയൊ പൊന്തിവന്നു. വന്നപ്പോള്‍ വീണ്ടും ബോട്ടിലിടിച്ചു. കഴുത്തനൊക്കെ ചതവും പറ്റിയിട്ടുണ്ട്.
കൊറെ മക്കളുണ്ടായിരുന്നു, മക്കളായിരുന്നു കൂടുതല്‍. നിറെ പുകയായിരുന്നു. ഏഴ് മണിയോടെയാണ് ബോട്ടില്‍ കയറിയത്. മറിഞ്ഞ കഴിഞ്ഞ് നമ്മളെല്ലാരും വെള്ളത്തിലേക്കാണ് പോയത്. നമ്മുടെ മേലേക്കാണ് ബോട്ട് പിന്നെ മറിയുന്നത്.
മോളേക്കാള്‍ മുന്നെ ഞാനാണ് വെള്ളത്തില്‍ പോയത്. മോളും ഏട്ടനും ലൈഫ് ജാക്കറ്റ് ഇട്ടതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഏട്ടന്‍ രക്ഷപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ മോളുകാര്യം ഓര്‍ത്തപ്പോഴാണ് എന്തൊ ആയിപ്പോയത്, താഴോട്ട് പോയ ഞാന്‍ എങ്ങനെയാണ് പൊന്തി വന്നതെന്ന് എനിക്ക് തന്നെ അറിയില്ല,” രാജിസ പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെയുണ്ടായ അപകടത്തില്‍ ഇതുവെ 22 പേരാണ് മരിച്ചത്. 10 പേര്‍ ചികിത്സയിലും കഴിയുന്നു. ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.