മലപ്പുറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുവരെ അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. എട്ട് പേര്‍ ചികിത്സയിലും കഴിയുന്നുണ്ട്. രണ്ട് പേര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
“സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടുള്ള ദുരന്തങ്ങളുണ്ട്, ആ ഘട്ടത്തിലെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പരിശോധനകള്‍ നടന്നതാണ്. ആ പരിശോധനകളുടെ ഭാഗമായി വച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നത് ഗൗരവമായി കാണേണ്ടതുണ്ട്,” മുഖ്യമന്ത്രി വ്യക്തമാക്കി.
“ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ കരുതല്‍ നമ്മള്‍ ഇപ്പൊള്‍ എടുക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ജുഡീഷ്യല്‍ അന്വേഷണം. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പടെ അന്വേഷണത്തിന്റെ പരിധിയില്‍ വരണം. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ എന്നാണ് ഉദ്ദേശിക്കുന്നത്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്വാഭാവികമായ പൊലീസ് അന്വേഷണവും ഉണ്ടാകും. ഇവിടെ പ്രത്യേക സംഘത്തിനായിരിക്കും ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാവിലെ തന്നെ താനൂരിലെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍ എന്നിവരില്‍ നിന്ന് നേരിട്ട് വിശദാംശങ്ങള്‍ തേടിയ അദ്ദേഹം ആശുപത്രിയിലെത്തി ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ അടിയന്തര സഹായവും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.
ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്നാണ് രക്ഷപെട്ടയാളുകളില്‍ നിന്നും ലഭിച്ച പ്രതികരണം. നിരവധി പേര്‍ ബോട്ടിന്റെ പല ഭാഗത്തേക്കും നടക്കുകയും ഇതോടെ ബോട്ടിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. ആദ്യം ബോട്ട് ഒരു വശത്തേക്കാണ് മറിഞ്ഞത്.
ബോട്ട് മറിഞ്ഞ മേഖലയിലെ ആഴക്കൂടുതലും ചെളി കൂടുതലായതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.