മലപ്പുറം/കോഴിക്കോട്: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി അമ്പലക്കള്ളി അഷ്‌ന ഷെറിന്‍ (27) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് അഷ്‌നയെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. 50 ശതമാനം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്.
കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവരും ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് തിങ്കളാഴ്ച അഷ്‌നയുടെ വീട്ടിലെത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്തുകയറാനായിരുന്നു ആദ്യ ശ്രമം. ഇതു വീട്ടുകാര്‍ മനസിലാക്കിയതോടെ പരാജയപ്പെട്ടു.
വീണ്ടും അതിക്രമിച്ചുകയറിയ അഷ്‌നയുടെ മുറിക്കുള്ളില്‍ കയറി കുറ്റിയിട്ടു. തുടര്‍ന്നു അഷ്‌നയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നു ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.