പാലക്കാട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മലമ്പുഴയിലെ ജലനിരപ്പ് താഴ്ത്താന്‍ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.

സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തിരിക്കുകയാണ്. മഴ ശക്തമാകുകയാണെങ്കില്‍ മറ്റു ഡാമുകളും തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തെത്തുടര്‍ന്നാണ് നടപടി.

വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൃശൂരിലെയും പാലക്കാട്ടെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.