തിരുവനന്തപുരം: ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലൈ 18 മുതല്‍ 22 വരെ കോഴിക്കാട് തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം, സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. 15 ലക്ഷം രൂപയാണ് സമ്മാനത്തുക.

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015 ലെ ലോകചാമ്പ്യനായ സ്‌പെയിനില്‍ നിന്നുളള ഗേഡ് സെറ സോള്‍സ് 2012 ഒളിമ്പിക് വെളളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീസ്റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്.

ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ല‌ന്‍ഡ്, ഇന്ത്യോനേഷ്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പ്രാതിനിധ്യമുണ്ടാകും.

2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദ മേളകളില്‍ ഒന്നാണ്. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ നദിയില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യക്കാര്‍ക്കായി മത്സരങ്ങള്‍ ഉണ്ടാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന മൽസരങ്ങളില്‍ രാജ്യാന്തര കാനോയിങ് ഫെഡറേഷന്‍ അംഗീകരിച്ച ഫ്രീസ്റ്റൈല്‍, സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നീ വിഭാഗങ്ങളില്‍ മൽസരങ്ങളുണ്ടാകും. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മൽസരത്തിന്റെ അവസാന ഇനം.

മൽസരങ്ങള്‍ക്കുളള സാങ്കേതിക സഹായം ബെംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് നല്‍കും. ജിഎംഐ കോഴിക്കോട്, ജില്ലാപഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്.

ഫെസ്റ്റിവലിനെയും ചാമ്പ്യന്‍ഷിപ്പിനെയും കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ www.malabarfest.com ലും //www.facebook.com/malabarfestival എന്ന ഫെയ്സ് ബുക്ക് പേജിൽ ലഭ്യമാകും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.