കോഴിക്കോട്: ചാക്ക് രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി. 2004-2008 കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫ്ലാറ്റ് എന്നിവ ഇതില്‍പ്പെടും. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതി നടന്ന കാലഘട്ടത്തിലായിരുന്നു സ്വത്തുക്കള്‍ സമ്പാദിച്ചത്. ഈ സമയത്തായിരുന്നു മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവും സംഭവിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങിയത്. പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്പാകെയാണ് കീഴടങ്ങിയത്. മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വി.എം.രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍. മുൻകൂർ ജാമ്യം തളളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.

മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ 2.7 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. വി.എം.രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറായ ആര്‍ക്ക് വുഡ് മെറ്റല്‍ കമ്പനിക്ക് വേണ്ടി ചട്ടവിരുദ്ധമായി കരാര്‍ നല്‍കുകായിരുന്നുവെന്നാണ് ആരോപണം. ഇടപാടുകളിലെ ക്രമക്കേടിനെ തുടര്‍ന്ന് 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ ഇടിവുണ്ടായെന്നും ആരോപണം ഉയര്‍ന്നു.

മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി എം.സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് മെറ്റല്‍ എംഡി വി.എം.രാധാകൃഷ്ണന്‍, ആര്‍ക്ക് വുഡ് മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.വടിവേലു എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ