കൊച്ചി: മലബാര്‍ സിമെന്റസ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം വീണ്ടും അന്വേഷിക്കണമെന്നു ഹൈക്കോടതി. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് സി ബി ഐക്കു കോടതി നിര്‍ദേശം നല്കി.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരന് സനല്‍കുമാര്‍ നല്കിയ പരിഗണിച്ചാണു ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. സനല്‍കുമാറിന്റെ ഹര്‍ജി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. സി ബി ഐ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
മരണങ്ങളിലെ ദുരൂഹത നീക്കണമെന്നും കൊലപാതക സാധ്യത പരിശോധിക്കണമെന്നും പറഞ്ഞ ഹൈക്കോടതി, കേസന്വേഷണത്തില്‍ പ്രാഗത്ഭ്യമുള മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്നും സി ബി ഐയോട് നിര്‍ദേശിച്ചു.
നാല്പ്പത്തിയാറുകാരനായിരുന്ന ശശീന്ദ്രന്റെയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരുടെയും മരണങ്ങള് ആത്മഹത്യയാണെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തലില്‍ കോടതിഅതൃപ്തി പ്രകടിപ്പിച്ചു. മരണം ആത്മഹത്യയെന്ന നിലയില്‍ ഉദ്യോഗസ്ഥന് റിപ്പോര്‍ട് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു.
ഉദ്യോഗസ്ഥന് അത്തരമൊരു കണ്ടെത്തലിലെത്താന് എന്തധികാരമാണുള്ളതെന്നും വസ്തുതകള്‍ പരിശോധിക്കാതെയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണു സി ബി ഐയുടേതെന്നും കോടതി നിരീക്ഷിച്ചു. ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സി ബി ഐ അന്വേഷണം തൃപ്തികരമല്ലെന്നും സനല്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2011 ജനുവരി 24 നാണു ശശീന്ദ്രനെയും രണ്ടു മക്കളെയും കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണു കേസ് സി ബി ഐക്കു വിട്ടത്. തുടര്‍ന്ന്, മലബാര്‍ സിമെന്റ്സിലെ കരാറുകാരനായ വി എം രാധാകൃഷ്ണനെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാര്‍ച്ച് 19നായിരുന്നു അറസ്റ്റ്. മലബാര്‍ സിമെന്റ്സുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന് മൊഴി നല്‍കിയിരുന്നു.
കോടതിയില്‍ മൊഴി നല്‍കും മുന്‍പ് ശശീന്ദ്രനെ മാനസിക സമ്മര്‍ദത്തിലാക്കാന്‍ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍. കേസില്‍ സിബിഐ കോടതി രണ്ടു തവണ കുറ്റപത്രം മടക്കി. തുടര്‍ന്ന്, മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബര്‍ രണ്ടിനു കോടതി സ്വീകരിക്കുകയായിരുന്നു.