കൊച്ചി: മലബാർ സിമന്റ്സ് അഴിമതിക്കേസിൽ വ്യവസായിയായ വി.എം.രാധാകൃഷ്ണൻ കീഴടങ്ങി. രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയ സാഹചര്യത്തിലാണ് പാലക്കാട് വിജിലൻസ് സംഘത്തിനു മുൻപാകെ കീഴടങ്ങിയത്. നേരത്തെ രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിക്കൊണ്ട് കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

മലബാര്‍ സിമന്റ്സിലെ ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം പ്രതിയാണ് വ്യവസായിയായ വി.എം.രാധാകൃഷ്ണന്‍. കേസില്‍ രാധാകൃഷ്ണനടക്കം നാലു പ്രതികളാണുളളത്. മുന്‍ എം.ഡി കെ.പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എ.ആര്‍.കെ വുഡ്ഡ് ആന്റ് മിനറല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലുവാണ് നാലാം പ്രതി.

അസംസ്കൃത വസ്തു ഇറക്കുമതി ചെയ്യുന്നതിന് വി.എം.രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആൻഡ് മിനറല്‍സ് എന്ന സ്ഥാപനവുമായി മലബാര്‍ സിമന്റ്സിനു കരാറുണ്ടായിരുന്നു. 2004ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി.എം.രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഇതിനോടൊപ്പം കമ്പനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എംഡി അടക്കം ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് വിജിലൻസ് ത്വരിത പരിശോധനയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ