Kerala Lottery: കൊച്ചി: കേരളത്തിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന ഉറവിടമായി ലോട്ടറി ടിക്കറ്റ് വില്‍പ്പന മാറുന്നു. 7.92 കോടി ലോട്ടറി ടിക്കറ്റാണു സംസ്ഥാനത്ത് ഓരോ ആഴ്ചയും വില്‍ക്കുന്നത്. ലോട്ടറി ടിക്കറ്റ് വില്‍പ്പന വരുമാനത്തിന്റെ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ചെലവുകള്‍ക്കായാണ് ഉപയോഗിക്കുന്നത്.

ലോട്ടറികളില്‍നിന്നുള്ള വരുമാനം കൂടുന്നതിനാലാണു മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന(ജിഎസ്ഡിപി)ത്തിന് ആനുപാതികമായി 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തില്‍ നികുതിയേതര വരുമാനം വര്‍ധിക്കുന്നതെന്നാണു 2018ലെ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍നിന്നുള്ള വരുമാന വിഹിതം 1980-81ല്‍ 13.4 ശതമാനമായിരുന്നു. 2000-01 ല്‍ വരുമാനം 38.39 ശതമാനമായും 2016-17ല്‍ 80.49 ശതമാനമായും ഉയര്‍ന്നു.

2018-19 വര്‍ഷത്തില്‍ ലോട്ടറിയില്‍നിന്ന് 9,276 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ച വരുമാനമെന്നാണു ലോട്ടറി ഡയറക്ടറേറ്റില്‍നിന്നു ലഭിക്കുന്ന വിവരം. തൊട്ടു മുന്‍വര്‍ഷത്തെ വരുമാനം 8,997 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 11,800 കോടി രൂപയാണു വരുമാനമായി പ്രതീക്ഷിക്കുന്നത്. 1,673 കോടി രൂപയാണു കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു ലഭിച്ച ലാഭം.

Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റ്

ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായാണു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ”2016 ല്‍ 60 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 1.32 കോടിയാണ്. വില്‍ക്കാത്ത ടിക്കറ്റുകളൊന്നുമില്ല. നിലവില്‍ ആറ് പ്രതിവാര ടിക്കറ്റുകളാണുളളത്. എല്ലാം ഒരുപോലെ ജനപ്രിയമാണ്,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നാണു ലോട്ടറി വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്ന് ആളുകള്‍ എല്ലാ ദിവസവും പാലക്കാട് ടിക്കറ്റ് വാങ്ങാന്‍ വരുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല വ്യത്യാസമില്ലാതെ ആളുകള്‍ ടിക്കറ്റ് വാങ്ങുന്നതായി തിരുവനന്തപുരത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ വിനോദ് പറഞ്ഞു.

”ദിവസവും മുപ്പതോ അമ്പതോ രൂപയ്ക്ക് എന്നില്‍നിന്ന് ടിക്കറ്റെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. ചിലപ്പോള്‍ അവര്‍ക്കു ചെറിയ സമ്മാനങ്ങള്‍ ലഭിച്ചേക്കാം. ഇതുകാരണം അവര്‍ എല്ലാ ദിവസവും ഭാഗ്യത്തിനായി പണം മുടക്കുന്നു. ഇക്കാര്യം പലരും വീട്ടില്‍ പറയാറില്ല. എന്റെ മിക്ക ഉപഭോക്താക്കളും 40 വയസിനു മുകളിലുള്ളവരാണ്,” വിനോദ് പറഞ്ഞു. ശരാശരി 400 ടിക്കറ്റ് വില്‍ക്കുന്നതായും വിനോദ് പറഞ്ഞു.

സംസ്ഥാനത്തിനു വരുമാനത്തിനുള്ള ഉറവിടം എന്നതിനപ്പുറം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തൊഴില്‍ നല്‍കുന്നതു കൂടിയാണു ലോട്ടറി വില്‍പ്പനയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ടിക്കറ്റ് വില്‍പ്പന വളര്‍ച്ചയ്‌ക്കൊപ്പം വില്‍പ്പനയ്ക്കാരുടെയും ഏജന്റുമാരുടെയും എണ്ണം വര്‍ധിക്കുന്നതായി കേരള സ്‌റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് ലോട്ടറി സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് 38,000 റജിസ്‌ട്രേഡ് വില്‍പ്പനക്കാരാണുണ്ടായിരുന്നതെന്നും ഇപ്പോഴത് എഴുപതിനായിരമാണെന്നും വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗം എസ്.കനേഷ്യാസ് പറഞ്ഞു. ഇവരില്‍ 55,000 പേരെങ്കിലും ഏജന്‍സി, വില്‍പ്പന രംഗത്ത് സജീവമാണെന്നും അവർ പറഞ്ഞു.

ലോട്ടറിയടിച്ചാല്‍ സമ്മാനത്തിന്റെ 10 ശതമാനമാണ് ഏജന്റിനു കമ്മീഷനായി ലഭിക്കുക. ബാക്കിവരുന്ന തുകയില്‍ 30 ശതമാനം ആദായനികുതിയായി ഈടാക്കും. സമ്മാനാര്‍ഹമല്ലാത്ത ടിക്കറ്റുകള്‍ക്കു വില്‍പ്പന വിലയുടെ നിശ്ചിത ശതമാനം ഏജന്റിനു കമ്മീഷനായി ലഭിക്കും. 30 രൂപ വിലയുള്ള ടിക്കറ്റിനു 5.80 രൂപയാണു കമ്മീഷന്‍.

അതേസമയം, ലോട്ടറിയോടുള്ള ആസക്തി കാരണം വിഷാദമോ മറ്റു മാനസിക അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്ന ആളുകള്‍ ഇടയ്ക്ക് മാനസികരോഗ വിദഗ്ധരെ തേടിയെത്താറുണ്ടെന്നു തിരുവനന്തപുരം ഗവ. മാനസികരോഗാശുപത്രിയിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. ആര്‍.എസ്.ദിനേഷ് പറഞ്ഞു. സമൂഹത്തിന്റെ പൊതുവായ ആസക്തിയുടെ ഭാഗമായാണു ലോട്ടറി ഭ്രാന്തിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook