കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം. കുമളിയിൽ വച്ച് സിനിമാ പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്നവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ജൂലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ എറണാകുളം പൊലീസ് കമ്മിഷണർക്ക് ജൂലി പരാതി നൽകി.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘പ്രാണ’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ കുമളിയിലെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് റൂമിലേക്ക് പോകുംവഴി പ്രൊഡക്ഷൻ വാഹനത്തിലെ ഡ്രൈവർ അശ്ലീല ചുവയോടെ സംസാരിച്ചു. ചിത്രത്തിലെ നടിയെ ഉൾപ്പെടെ അപമാനിക്കുന്ന കാര്യങ്ങൾ ഇയാൾ ചോദിച്ചു. അതോടെ ജൂലി ഇയാളോട് കയർത്തു. തുടർന്ന് ഹോട്ടലിൽ എത്തിയ ജൂലിയെ ഗുണ്ടകൾ വളയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

10 വർഷത്തോളമായി മേക്കപ്പ് ആർട്ടിസ്റ്റായ തനിക്ക് ഫെഫ്കയിൽ മെംബർഷിപ് തരാൻ അധികൃതർ തയാറായിട്ടില്ല. അതിനാൽ തന്നെ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും ജൂലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മെർസലിലും മേക്കപ്പ് ആർട്ടിസ്റ്റായി ജൂലി പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ