പത്തനംതിട്ട: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ ഘോഷയാത്ര പുറപ്പെട്ടത്.
പന്തളം കൊട്ടാരത്തിലെ കുടുംബാംഗം മരണപ്പെട്ടതിനെ തുടര്‍ന്ന് ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ ഘോഷയാത്ര ആരംഭിച്ചത്. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു.
പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകുന്നേരമാണ് ശബരിമലയിലെത്തിച്ചേരുന്നത്. ശരം കുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സന്നിധാനത്തേക്ക് സ്വീകരിക്കും.
തുടര്‍ന്ന് സന്നിധാനത്തെത്തുന്ന തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ശബരിമലയിൽ രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല.
പത്തനംതിട്ട എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും, ബോംബ് സ്ക്വാഡും തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.