കൊച്ചി: വര്‍ഗീയ പ്രചരണത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ അനുകൂലിയും സംവിധായകനുമായ മേജര്‍ രവി രംഗത്ത്. ഹിന്ദു ഉണരാന്‍ തയ്യാറായില്ലെങ്കില്‍ നാശമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് രവി പറയുന്ന ശബ്ദരേഖ ആര്‍എസ്എസ് രഹസ്യഗ്രൂപ്പില്‍ നിന്ന് പുറത്തായി. ഹിന്ദുക്കള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും രവി പറയുന്നു.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് രവി രംഗത്തെത്തിയത്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടെന്നും അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ലെന്നും രവി പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ചാനല്‍ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും അതു തെറ്റായി തോന്നാത്തത് അവരുടെ സംസ്കാരമാണെന്നും അങ്ങനെയുള്ളവര്‍ക്ക് സ്വന്തം അമ്മയെ വേശ്യയെന്ന് വിളിച്ചാല്‍പ്പോലും ഇതുതന്നെയാണ് തോന്നുകയെന്നും മേജര്‍ രവി മുമ്പ് പറഞ്ഞത് വിവാദമായിരുന്നു. ഇത് പരാമര്‍ശിച്ചാണ് ഹിന്ദു ഉണര്‍ന്ന് രംഗത്തിറങ്ങണമെന്ന് രവി ആഹ്വാനം ചെയ്യുന്നത്.