കൊച്ചി: സംവിധായകനും നടനുമായ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുടെ തൃപ്പൂണിത്തുറയിൽ നടന്ന യോഗത്തിൽ മേജർ രവി പങ്കെടുത്തു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളുമായി മേജർ രവി കൂടിക്കാഴ്‌ച നടത്തി.

ശബരിമല വിഷയം ഉയർത്തിക്കാട്ടി മേജർ രവി പ്രസംഗിച്ചു. “വിശ്വാസികളുടെ മേൽ കുതിര കയറാൻ ആർക്കും അവകാശമില്ല. ഇന്നു ഹിന്ദുവിന്റെ മേലെ കുതിര കയറിയ സർക്കാർ നാളെ ക്രിസ്‌ത്യാനികളോടും മുസ്‌ലിങ്ങളോടും ഇതു തന്നെ ആവർത്തിക്കും. ഓരോരുത്തർക്കും വിശ്വാസമുണ്ട്. അതിൽ തൊട്ടു കളിക്കരുത്. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് വിളിക്കരുതെന്ന് ഇന്ന് ഹിന്ദുവിനോട് പറഞ്ഞത് നാളെ മറ്റ് മതക്കാരോടും പറയും,” മേജർ രവി പറഞ്ഞു.

ഇപ്പോൾ പിണറായി വിജയനേക്കാൾ നല്ല നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മേജർ രവി പറഞ്ഞു. പിണറായിയുടെ ധാർഷ്‌ട്യം ഇനിയും കാണാൻ വയ്യ. സെൽഫിയെടുക്കാൻ വന്ന കുട്ടിയുടെ കൈ തട്ടിമാറ്റുക, മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുക. കഴിഞ്ഞ അഞ്ച് വർഷമായി പിണറായിയുടെ ധാർഷ്‌ട്യം കാണുകയാണെന്നും മേജർ രവി പറഞ്ഞു.

Read Also: വസീം ജാഫറിന്റെ രാജി, മുസ്‌ലിം പ്രീണനമെന്ന മറുവാദം; ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിൽ സംഭവിക്കുന്നത്

“പ്രതിപക്ഷ നേതാവ് എനിക്ക് രണ്ട് കാര്യത്തിൽ ഉറപ്പ് തരണം. ഒന്ന് എന്റെ അമ്മയേക്കാൾ പ്രായമുള്ള സ്ത്രീകളെയാണ് ശബരിമല വിഷയത്തിൽ നാമജപം നടത്തി എന്ന പേരിൽ ഈ സർക്കാർ കേസിൽപ്പെടുത്തിയിരിക്കുന്നത്. ആ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാവണം. മറ്റൊന്നു നൂറുകണക്കിന് പാവപ്പെട്ട ചെറുപ്പക്കാരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഒരു ജോലി നേടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ചെറുപ്പക്കാരെ ചതിച്ചു കൊണ്ട് പിൻവാതിൽ വഴി ആളുകളെ കയറ്റുന്ന സർക്കാർ നടപടി റദ്ദാക്കണം,” മേജർ രവി പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും മേജർ രവി പ്രതീക്ഷ പ്രകടിപ്പിച്ചു.

Read Also: പിണറായി വിജയൻ കേരളത്തിന്റെ അന്തകവിത്ത്, എന്നെ പിന്തുടർന്ന് വേട്ടയാടുന്നു: കെ.എം.ഷാജി

ബിജെപിക്കെതിരെ മേജർ രവി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്ത് ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും രവി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.