തിരുവനന്തപുരം: അമേരിക്കയിലെ വിദഗ്‌ധ ചികത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലർച്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയത്. വിമാനത്താവളത്തിൽ നിന്നും ക്ലിഫ്‌ഹൗസിലേയ്ക്ക് പോയ മുഖ്യമന്ത്രി അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക കാര്യങ്ങളില്‍ സജീവമാകുമെന്നാണ് കരുതുന്നത്.

സെപ്റ്റംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും യാത്ര ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. തിരിച്ചുവരവും അങ്ങനെ തന്നെയാണ്. നേരത്തെ അറിയിച്ചിരുന്നതു പ്രകാരം നാളെയാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നതെങ്കിലും ഒരു ദിവസം മുന്നേ അദ്ദേഹം തിരികെ എത്തി. ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ മയോക്ലിനിക്കിലെ 17 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയിരിക്കുന്നത്. യാത്രയില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും പോയിരുന്നു. ചികിത്സ കഴിഞ്ഞ മുഖ്യമന്ത്രി അമേരിക്കയിലെ മലയാളികളുമായി കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം സംബന്ധിച്ച് സംസാരിച്ചു. ചികിത്സയ്ക്ക് ശേഷമുളള അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപരിപാടിയും അതായിരുന്നു. ചികിത്സാകാലയളവില്‍ ചുമതലകള്‍ മറ്റാര്‍ക്കും നല്‍കാതെ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് വിവാദമായിരുന്നു. ഇ.പി.ജയരാജന് മന്ത്രിസഭയുടെ അധ്യക്ഷത വഹിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഒരു തവണമാത്രമേ മന്ത്രിസഭായോഗം ചേര്‍ന്നിരുന്നുളളൂ. മുഖ്യമന്ത്രി കേരളത്തിലില്ലാതിരുന്ന കാലയളവില്‍ സംഭവിച്ച പ്രധാന സംഭവങ്ങള്‍.

ഓണ്‍ലൈനില്‍ ഭരണനിയന്ത്രണം

ചികിത്സാകാലയളവില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നിയന്ത്രിച്ചിരുന്നത്. ഓണ്‍ലൈനില്‍ ഫയലുകള്‍ പരിശോധിച്ച് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. അമേരിക്കയില്‍ നിന്നുളള ഇടപെടലിന്റെ ഭാഗമായിരുന്നു, നടത്തേണ്ട എന്ന് തീരുമാനിച്ച സ്‌കൂള്‍ കലോത്സവം പകിട്ട് കുറച്ച് നടത്താനുളള തീരുമാനം. സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷന്‍ സൂര്യ കൃഷ്ണമൂര്‍ത്തി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തെ തുടര്‍ന്നാണ് മുന്‍ തീരുമാനം പിന്‍വലിച്ച് കലോത്സവം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി പോയതിന് പിന്നാലെ വന്ന വിവാദങ്ങളില്‍ പ്രധാനം കേരളത്തിലെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി ആ പണം പൂര്‍ണ്ണമായും പ്രളയത്തിന് ശേഷമുളള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കാനുളള പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവായിരുന്നു. ഈ ഉത്തരവ് പ്രകാരം സ്‌കൂള്‍ കലോത്സവും ചലച്ചിത്രോത്സവും വിനോദ സഞ്ചാരവകുപ്പിന്റെ പരിപാടികളുള്‍പ്പടെ എല്ലാം മാറ്റിവയ്ക്കാനും അതിന് അനുവദിച്ച തുക നവകേരള നിര്‍മ്മാണത്തിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കാനായിരുന്നു ഉത്തരവ്. ഇതേ തുടര്‍ന്ന് വിവാദങ്ങളുയര്‍ന്നു. സൂര്യ കൃഷ്ണമൂര്‍ത്തി ഉള്‍പ്പടെയുളളവര്‍ കലോത്സവം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കൊറിയന്‍ സംവിധായകനായ കിം കി ഡുക് ഉള്‍പ്പടെയുളളവർ ചലച്ചിത്രോത്സവം നടപ്പാക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നു.

ഇ.പി.ജയരാജന്‍ മന്ത്രിസഭായോഗ അദ്ധ്യക്ഷന്‍

താല്‍ക്കാലിക ചുമതലകള്‍ മറ്റാരെയും ഏല്‍പിക്കാതിരുന്ന മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് മന്ത്രിസഭ യോഗത്തിന് അധ്യക്ഷത വഹിച്ചത്. അതേസമയം ഈ കാലയളവില്‍ ഒറ്റതവണ മാത്രമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. അധ്യക്ഷത വഹിക്കാന്‍ ജയരാജന് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയിരുന്നെങ്കിലും അജണ്ടയിലില്ലെന്നും മന്ത്രിമാര്‍ നവകേരള നിര്‍മ്മിതിക്കായി ജില്ലകളില്‍ പണം പിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ കൂടാതിരുന്നത്. ഓഗസ്റ്റ് മുപ്പതിന് ശേഷം സെപ്റ്റംബര്‍ പത്തൊമ്പതിനായിരുന്നു യോഗം ചേര്‍ന്നത്.

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ വിദേശ ചികിത്സാകാലയളവില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും മന്ത്രിസഭയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേരളം നാഥനില്ലാക്കളരിയായി മാറിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച

കേരളത്തെ ബാധിച്ച മഹാപ്രളയത്തില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരള ജനതക്ക് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ഇല്ലായ്മ ഏകോപനത്തില്‍ വീഴ്ച വന്നതിന് കാരണമായതായി പരാതി ഉയര്‍ന്നു. ദുരിതബാധിതര്‍ക്ക് വാഗ്‌ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം നല്‍കുന്നതില്‍ കാലതാമസം നേരിട്ടത് വിമര്‍ശനങ്ങളുയര്‍ത്തി. സിപിഎം മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും തമ്മിലുളള വാക്‌പോരും അഡീഷണല്‍ ചീഫ് സെക്രട്ടറിയും സിപിഐ മന്ത്രി വി.എസ്.സുനില്‍ കുമാറും തമ്മിലുളള തര്‍ക്കവുമൊക്കെ ഇതിനിടയില്‍ നടന്ന സംഭവങ്ങളാണ്.

കെപിഎംജി വിവാദം

പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് കെപിഎംജി എന്ന സ്ഥാപനത്തിന്റെ കൺസൾട്ടൻസി സ്വീകരിക്കാനുളള സംസ്ഥാന സർക്കാരിന്റെ നടപടി വിവാദങ്ങൾക്ക് വഴിയൊരുക്കി. സുതാര്യമല്ലാത്ത നടപടി എന്ന വിമർശനം മുതൽ കെപിഎംജിക്കെതിരെ ലോകമൊട്ടാകെ ഉയർന്നിട്ടുളള ആരോപണങ്ങൾ വരെ അതിന് അടിസ്ഥാനമായി. വിമർശനങ്ങളിൽ കേരളത്തിന്റെ തനത് വികസന സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് ഈ നിലപാടെന്നും വിമർശകർ ചൂണ്ടിക്കാണിച്ചു. കേരളത്തിലെ ഇടതുപക്ഷം എപ്പോഴും പറയുന്ന തദ്ദേശ തലത്തിൽ രൂപപ്പെടുത്തിയ കേരള വികസന മോഡലിന് എതിരാണ് ഈ നീക്കമെന്നും അവർ വിമർശനം ഉന്നയിച്ചു. ഇതിനിടിയിൽ കെപിഎംജിക്ക് കൊടുത്ത മറ്റൊരു കരാറും വിവാദത്തിലായി. വിവാദങ്ങൾക്കിടയിൽ കെപിഎംജിയുടെ കൺസൾട്ടൻസിയുമായി സർക്കാർ മുന്നോട്ട് പോയി.

സാലറി ചലഞ്ച് വിവാദങ്ങള്‍

മുഖ്യമന്ത്രി നവ കേരള നിര്‍മ്മാണത്തിനായി മുന്നോട്ട് വച്ച സാലറി ചലഞ്ചാണ് വിവാദമായ മറ്റൊരു കാര്യം. മുഖ്യമന്ത്രി ചലഞ്ചായിട്ടാണ് ഇത് മുന്നോട്ട് വച്ചതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള സര്‍ക്കാര്‍ തീരുമാനവും വിസമ്മത പത്ര സിദ്ധാന്തവുമൊക്കെയായി കേരളത്തിലെ പ്രളയ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും നവ കേരളവുമൊക്കെ അനാവശ്യവിവാദങ്ങളുടെ പൂരപ്പറമ്പായി. ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനത്തിനും സാലറി ചലഞ്ച് വഴിയൊരുക്കി.

കന്യാസ്ത്രീകളുടെ സമരം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പരാതി നല്‍കി ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോടതിക്ക് സമീപം സമരം ആരംഭിച്ചു. നിരാഹാരമുള്‍പ്പടെയുളള അഹിംസാ സമരം ശക്തമായി. കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നുളളവരുടെ പിന്തുണയും ലോകമെമ്പാടുമുളള മാധ്യമ ശ്രദ്ധയും സമരത്തിന് ലഭിച്ചു. സഭയില്‍ നിന്നും നീതി തേടി കേരള ചരിത്രത്തിലാദ്യമായാണ് കന്യാസ്ത്രീകള്‍ സമര രംഗത്ത് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. പതിനാല് ദിവസം നീണ്ട കന്യാസ്ത്രീകളുടെ സഹന സമരത്തിനൊടുവില്‍ സെപ്റ്റംബര്‍ 21 ന് ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പതിനഞ്ച് ദിവസമായി കന്യാസ്ത്രീകള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

സിപിഎംഎംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവിന്റെ പരാതി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എംഎല്‍എയുമായ പി.കെ.ശശിക്കെതിരെ ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ വനിത പാര്‍ട്ടിക്ക് നല്‍കിയ പീഡന പരാതിയാണ് മറ്റൊരു വിവാദം. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഈ വിവാദത്തിന് വെടിപൊട്ടിച്ചത്. പിന്നീട് അത് സംസ്ഥാന തലത്തിലേയ്ക്ക് വന്നു. നിലവില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണെന്നാണ് വാര്‍ത്തകള്‍. മുഖ്യമന്ത്രി തിരികെ എത്തിയ ശേഷമായിരിക്കും ഇതില്‍ നടപടിയുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
k venu,pk sasi
പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്ത് ഔദ്യോഗിക പക്ഷത്തോടൊപ്പം ഉറച്ചു നിന്ന വ്യക്തിയാണ് ശശി. പാര്‍ട്ടിക്കുളളില്‍ ശശിക്കെതിരെ നടപടി എടുക്കണമെന്നും എടുക്കേണ്ടതില്ലെന്നും രണ്ട് വാദഗതികളുണ്ടെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ കൂടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നതെന്നുമാണ് പുറത്തു പ്രചരിക്കുന്ന ഒരു വാര്‍ത്ത. മറ്റൊന്ന് എംഎല്‍എ എന്ന നിലയില്‍ നിലവില്‍ ശശിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുളള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നുളളതുകൊണ്ടാണെന്നും പറയപ്പെടുന്നു. രണ്ടായാലും പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തിലായിരിക്കും ഈ വിഷയത്തിലുളള തീരുമാനം ഉണ്ടാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.