തൊടുപുഴ: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒളിവിലായിരുന്ന അനീഷിനെയാണ് പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. എറണാകുളം നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ നിന്നുമായിരുന്നു പിടികൂടിയത്. കൃഷ്ണന്റേയും കുടുംബത്തിന്റേയും കൊലപാതകം ആസൂത്രണം ചെയ്തത് അനീഷായിരുന്നു.

കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ ലിബീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയായിരുന്നു അനീഷ് ഒളിവില്‍ പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ അനീഷ് ഉണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്ത് വാടകയ്‌ക്കെടുത്ത വീട്ടിലെ കുളിമുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു അനീഷ് പിടികൂടുമ്പോള്‍.

നാലുപേരുടേയും കൊലപാതകം രണ്ട് പേരും ചേര്‍ന്നാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം, കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.

കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു. കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ആയിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒറ്റനോട്ടത്തില്‍തന്നെ കണ്ടുപിടിക്കാനാവുന്ന തരത്തില്‍ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.