തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ അനുയായി ആയിരുന്ന അനീഷിനെയാണ് പിടി കൂടിയത്. കൃഷ്ണന്റെ അടുത്ത അനുയായിയാണു പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും ഇയാള്‍ വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണു വിവരം.

കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. കൃഷ്ണന്റെ മരണത്തെ തുടര്‍ന്നു പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട ഇയാള്‍ മുങ്ങിയതാണു സംശയത്തിനിടയാക്കിയത്. കൃഷ്ണനെ കൊലപ്പെടുത്താനായി ഇയാള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലയ്ക്കടിച്ചുവെന്നും ഇതിനിടെ തടയാനെത്തിയ മകനും മകളും തൊടുപുഴ സ്വദേശിയെ ചെറുത്തതായും പറയപ്പെടുന്നു. രണ്ടാമത്തെയാള്‍ അടിമാലി സ്വദേശിയാണ്. ബൈക്കുകള്‍ റിപ്പയര്‍ ചെയ്യലാണ് ഇയാളുടെ തൊഴില്‍. കേസില്‍ അഞ്ചുപേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ നെടുങ്കണ്ടം സ്വദേശിയെയും തിരുവനന്തപുരം സ്വദേശികളില്‍ ഒരാളെയും വിട്ടയച്ചതായാണു വിവരം.

തിരുവനന്തപുരത്ത് നിന്ന് പിടിയിലായ അടൂർ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡറായിരുന്ന പേരൂർക്കട സ്വദേശി രാജശേഖരൻ, മുസ്‌ലിം ലീഗ് ജില്ലാ നേതാവ് കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അർഷാദ് എന്നിവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ കൃഷ്ണനുമായി ഇടപാടുകൾ നടത്തിയിരുന്നവരാണെന്നും പൊലീസ് അറിയിച്ചു.

വെള്ളിമൂങ്ങ, ഇറിഡിയം, റൈസ്പുള്ളർ അടക്കം വാഗ്‌ദാനം ചെയ്ത് പണം പറ്റുകയും ഇവ നൽകാൻ കഴിയാതെ വന്നതിന്റെ പേരിൽ കൃഷ്ണന് ശത്രുക്കളുണ്ടെന്ന സൂചനകൾ കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇറിഡിയം, റൈസ് പുള്ളര്‍, ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ വീട്ടില്‍ വച്ചാല്‍ സമ്പത്ത് കൂടുമെന്നും ഇവ എത്തിച്ചു നല്‍കാമെന്നും മറ്റും പറഞ്ഞ് കൃഷ്ണന്‍ പലരില്‍ നിന്നും പണം വാങ്ങുകയും ചെയ്തിരുന്നു.

വൻതട്ടിപ്പിന് ഇരകളായ ചിലർ ഞായറാഴ്ച എത്തുമെന്ന് നേരേത്ത അറിയിച്ചിരുന്നെന്നും പൊലീസ് സംശയിക്കുന്നു. കാര്യം സാധിച്ചു നൽകാമെന്ന് പറഞ്ഞ അവധികൾ പലതു കഴിഞ്ഞതോടെ പണം തിരികെ നൽകുകയോ വാഗ്‌ദാനം നിറവേറ്റുകയോ വേണമെന്ന നിലയ്ക്ക് രണ്ടിലൊന്ന് തീരുമാനിക്കാൻ എത്തിയ സംഘം തർക്കത്തിനൊടുവിൽ കൃഷ്ണനെയും കുടുംബാംഗങ്ങളെയും വകവരുത്തിയെന്നാണ് അനുമാനം. ഈ സാഹചര്യത്തിൽ കൃഷ്ണനുമായി ഒരാഴ്ചക്കിടെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിൽ നല്ലൊരു തുക ഉടൻ കൈയ്യിൽ വരുമെന്ന് പറയുന്നുണ്ട്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്നും പറയുന്നു. കൊല്ലപ്പെട്ട കൃഷ്ണ​ന്റെ ഭാര്യ സുശീല കുറച്ചു പണം വരാനുണ്ടെന്ന് പറഞ്ഞിരുന്നതായി സഹോദരി ഓമന പൊലീസിന് മൊഴി നൽകിയിരുന്നു. ഇതും തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിൽ എടുത്തവരുടെ സംഭാഷണവും തമ്മിൽ സമാനതയുണ്ട്. ബിസിനസ് ചീഫ് ആരാണെന്നും ഇയാൾക്ക് കൃഷ്ണനുമായി ഏതെങ്കിലും തരത്തിലെ ബന്ധം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. സംഭാഷണത്തിലുടനീളം ദുരൂഹതയുള്ളതായാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് ലഭിച്ച ആറുപേരുടെ വിരലടയാളം സംബന്ധിച്ചും അന്വേഷിക്കുകയാണ്.

നിധി കണ്ടെത്തിത്തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാഗ്‌ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൃഷ്ണ​ന്റെ വീട്ടിലെത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലനടന്നതായി സംശയിക്കുന്ന ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കൊലയാളികളെ തേടി തമിഴ്നാട്ടിലടക്കവും പൊലീസ് വലവിരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.