കൊൽക്കത്ത: കേരളത്തിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, അവരുടെ എല്ലാ കാര്യവും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നും ബംഗാൾ എംപി മഹുവ മൊയ്ത്ര.

Read More: ‘അന്യസംസ്ഥാന തൊഴിലാളികളെ പുറത്താക്കണം’; വംശീയ അധിക്ഷേപവുമായി രാജസേനൻ

തൊഴിലാളികൾക്കായി റെക്കോർഡ് ചെയ്തയച്ച ശബ്ദ സന്ദേശത്തിൽ, വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കരുതെന്നും മഹുവ മൊയ്ത്ര മുന്നറിയിപ്പ് നടത്തി.

“പ്രിയ സഹോദരീസഹോദരന്മാരേ,

ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ നൂറ്റാണ്ടിലെയും ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ സാഹചര്യത്തിന് നമ്മളാരും ഉത്തരവാദികളല്ല. പക്ഷെ നമുക്കിത് മറികടന്നേ മതിയാവൂ.. എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് നിങ്ങൾ ആശങ്കാകുലരാണെന്ന് ഞങ്ങൾക്കറിയാം. നാട്ടിലേക്ക് മടങ്ങുക എന്നത് ഇപ്പോൾ ബുദ്ധിമുട്ടാണ്. കേരളത്തിലെ എല്ലാവരേയും പരിപാലിക്കുമെന്നും ഭക്ഷണവും പാർപ്പിടവും നൽകുമെന്നും കേരള മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ദയവായി കലക്ക വെള്ളത്തിൽ മീൻ മിടിക്കാൻ ശ്രമിക്കുന്ന ആരെയും ശ്രദ്ധിക്കരുത്. നമ്മൾ ഇതും തരണം ചെയ്യും,” ശബ്ദ സന്ദേശത്തിൽ മഹുവ മൊയ്ത്ര പറഞ്ഞു.

പാർലമെന്റിൽ നടത്തിയിട്ടുള്ള പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുള്ള നേതാവ് കൂടിയാണ് മഹുവ മൊയ്ത്ര.

കഴിഞ്ഞദിവസം പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് പ്രതിഷേധിച്ച സാഹചര്യത്തിലാണ് എംപി ഇത്തരമൊരു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും, നാട്ടിലെത്തുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നുമായിരുന്നു പ്രതിഷേധിച്ചവർ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.