കൊച്ചി: ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര മടക്കിക്കൊണ്ടുവന്ന ജാവയ്ക്ക് കേരളത്തിലെ ഏഴിടത്ത് ഡീലർഷിപ്പുകൾ. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലർഷിപ്പുകൾ അനുവദിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് ഈ വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പിന്റെ ഉദ്ഘാടനം ഡിസംബർ 15 ന് നടക്കും. അതിനിടെ ഓൺലൈനിൽ ബൈക്കിന്റെ ബുക്കിങ് തകൃതിയായി മുന്നേറുകയാണ്. 5000 രൂപയ്ക്കാണ് ഇപ്പോൾ വാഹനത്തിന്റെ ബുക്കിങ് നടക്കുന്നത്.

ജാവ പെരാക്, ജാവ 42, ജാവ എന്നീ മൂന്ന് മോഡലുകളാണ് നിരത്തുകൾ കീഴടക്കാൻ ഇരിക്കുന്നത്. കാഴ്ചയിൽ എൻഫീൽഡിനോട് സാമ്യമുളള ജാവ, റോയൽ എൻഫീൽഡിന് വലിയ വെല്ലുവിളിയാണ് ഇരുചക്ര വാഹന വിപണിയിൽ ഉയർത്തുന്നത്.

സിമ്പിളും പവർഫുള്ളുമായി ജാവയെത്തി; എന്തുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഭയപ്പെടണം

ജാവ പെരാകിന് എക്‌സ് ഷോറൂം വില 1.89 ലക്ഷമാണ്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 ന് 1.55 ലക്ഷവും നൽകണം. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ജാവയ്ക്കും ജാവ 42 നും ഘടിപ്പിച്ചിട്ടുളളത്. അതേസമയം 334 സിസി എഞ്ചിനാണ് ജാവ പെരാകിന്റെ കരുത്ത്. സിക്‌സ് സ്‌പീഡ് ഗിയർ ബോക്സാണ് വണ്ടിയുടെ മറ്റൊരു പ്രത്യേകത.

കണ്ണൂരിൽ സൗത്ത് ബസാറിലും കോഴിക്കോട് പുതിയങ്ങാടിയിലും തൃശ്ശൂരിലെ കുര്യച്ചിറയിലും എറണാകുളത്ത് ഇടപ്പളളിയിലും ആലപ്പുഴയിൽ ഇരുമ്പുപാലത്തിലും കൊല്ലത്ത് പളളിമുക്കിലും തിരുവനന്തപുരത്ത് നീറമൺകര എന്നിവിടങ്ങളിലാണ് ഡീലർഷിപ്പുകൾ തുറക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.