കണ്ണൂർ: കൊലപാതങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. മാഹിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയും തിരിച്ചടിയായി ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ഹർത്താലിനെ തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. വാഹനങ്ങൾ ഓടുന്നില്ല. സംഘർഷ സാധ്യതയുളള സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്.
മാഹിയിലെ രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് എഫ്ഐആർ പറയുന്നു. വിലാപയാത്രകൾ നടക്കുന്ന സമയത്ത് അക്രമങ്ങൾക്കുളള സാധ്യത മുൻകൂട്ടി കണ്ട് കൂടുതൽ പൊലീസിനെ വിന്യസിക്കും.
സിപിഎം നേതാവായ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പത്തംഗ ആർഎസ്എസ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ബാബുവിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ ഷമേജിനെ കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ എട്ടംഗ സംഘമാണെന്നും പൊലീസ് കരുതുന്നു.
ബാബുവിനെ ഒളിച്ചിരുന്ന പത്തംഗം സംഘം വെട്ടുകയായിരുന്നു. സിപിഎം നേതാവും നഗരസഭാ മുൻ കൗൺസിലറുമായ ബാബു കൊല്ലപ്പെട്ടതോടെ എട്ടംഗം സംഘം തിരിച്ചടിക്കുകയായിരുന്നു. അതിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്.
രാത്രി ഒന്പത് മണിക്ക് ശേഷമാണ് വീട്ടിലേയ്ക്ക് പോകുകയായിരുന്ന ബാബുവിനെ ഒളിച്ചിരുന്ന പത്തംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും വെട്ടേറ്റ സിപിഎം നേതാവ് മരിച്ചിരുന്നു. ഒരു മണിക്കൂറിനുളളിലാണ് തിരിച്ചടിയുണ്ടായത്. ഇതിലാണ് ഷമേജ് മരിച്ചത്.