കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ കണ്ണൂരിൽ വ്യാഴാഴ്ച്ച സി.പി.എം – ബി.ജെ.പി സമാധാന ചർച്ച നടക്കും. ജില്ലാ കളക്ടറാണ് സമാധാന ചർച്ച വിളിച്ചത്. വൈകിട്ട് ആറ് മണിക്കാണ് ചര്‍ച്ച നടക്കുക.

മാഹിയിൽ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാന യോഗം. മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനിൽ കുമാർ ഗൗതം വ്യക്തമാക്കിയിട്ടുണ്ട്. സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ്വ ഗുപ്തയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക.

മാഹി മേഖലയിലെ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടർന്ന് കേരള പൊലിസിന്‍റെ ഭാഗത്ത് നിന്ന് പുതുച്ചേരി പൊലീസിന് മികച്ച സഹകരണമാണ് ലഭിച്ചത്. മാഹി മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി കേരള പൊലീസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഡി.ജി.പി സുനിൽ കുമാർ ഗൗതം പള്ളുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മാഹിയിലുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കലക്ടര്‍ സമാധാന യോഗം വിളിച്ചത്. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്‍റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവർണർ പി.സദാശിവം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ​ കൊലപാതകങ്ങൾ അറുതിയില്ലാതെ തുടരുന്നതിലുള്ള ആശങ്കയും ഗവർണർ സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടോയെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ ന്യൂമാഹിയിലും രാഷ്ട്രീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആർഎസ്എസ് പ്രവർത്തകനായ ഷമേജുമാണ് മരിച്ചത്. ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ