മാഹി: പളളൂരിലെ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ നിജേഷ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും  ജെറിൻ, ശരത് എന്നിവർ മറ്റ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണെന്നും പൊലീസ് വ്യക്തമാക്കി.

കേസിൽ മറ്റ് പ്രതികളെ ഉടനെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വർഷങ്ങളായുളള രാഷ്ട്രീയ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് കൊല നടത്തിയതെന്നും പ്രതികൾ പിന്നീട് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ഇതിനോടകം നിരവധി പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഇവരുടെ ബന്ധം അന്വേഷിക്കുകയാണ് പൊലീസ്. മെയ് ഏഴിന് രാത്രി വീട്ടിലേക്ക് മടങ്ങിയ ബാബുവിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകം നടന്ന് അര മണിക്കൂറിൽ ന്യൂമാഹിയിൽ ആർഎസ്എസ്  പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജും വെട്ടേറ്റ് മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ