scorecardresearch
Latest News

വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് എം ജി സര്‍വകലാശാല; വ്യവസ്ഥകൾ ഇങ്ങനെ

ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും

വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് എം ജി സര്‍വകലാശാല; വ്യവസ്ഥകൾ ഇങ്ങനെ
എം ജി സർവകലാശാല കവാടം (Source: Wikipedia)

കോട്ടയം: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികള്‍ക്കു സെമസ്റ്റര്‍ മുടങ്ങാതെ 60 ദിവസത്തെ പ്രസവാവധി അനുവദിക്കാന്‍ തീരുമാനിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. സിന്‍ഡിക്കേറ്റ് യോഗത്തിലാണു തീരുമാനം.

സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്സുകള്‍ (നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണു പ്രസവാവധി അനുവദിക്കുക. പ്രസവത്തിനു മുന്‍പോ ശേഷമോ അവധിയെടുക്കാം.

പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.

വിദ്യാര്‍ഥികളുടെ പ്രസവാവധി അനുവദിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ സിന്‍ഡിക്കേറ്റ് കമ്മിഷനെ നിയോഗിച്ചിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍. അനിത, ഡോ. എസ്. ഷാജില ബി വി, ഡോ. ബിജു പുഷ്പന്‍, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മിഷന്റെ ശിപാര്‍ശകള്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണു പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രസവാവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാലാ തീരുമാനമെടുക്കുന്നത്.

അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍

  • ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക.
  • ഒരു കോഴ്സിന്റെ കാലയളവില്‍ ഒരു തവണ മാത്രമാണ് അവധി ലഭിക്കുക
  • റജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷ്ണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്കു പ്രിന്‍സിപ്പലിനോ പഠനകേന്ദ്രത്തിന്റെ മേധാവിക്കോ ഡയറക്ടര്‍ക്കോ അവധി അനുവദിക്കാം
  • പ്രസവാവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല
  • പ്രസവാവധി ആരംഭിക്കുന്ന തീയതിക്കു കുറഞ്ഞതു മൂന്നു ദിവസം മുന്‍പ് അപേക്ഷ നല്‍കണം
  • സെമസ്റ്ററിനിടയില്‍ പ്രസവ അവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഇതേ പരീക്ഷ അടുത്ത സെമസ്റ്ററില്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സപ്ലിമെന്ററിയായി എഴുതാനാകും
  • പ്രസവാവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററില്‍ പഠനം തുടരനാകും
  • പ്രസവാവധിയിലുള്ള വിദ്യാര്‍ഥിനികള്‍ക്കു പ്രാക്ടിക്കല്‍, ലാബ്, വൈവ പരീക്ഷയില്‍ പങ്കെടുക്കേണ്ട സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ വകുപ്പിന്റെ മേധാവി ഇതിനു വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mahatma gandhi university maternity leave students