മുംബൈ: വൈറലായി മാറിയ അഡാറ് ലൗ എന്ന ചിത്രത്തിലെ ഗാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലും പരാതി. ഹൈദരാബാദില്‍ പാട്ടിനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി ഒരു സന്നദ്ധ മത സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ജാന്‍ ജാഗ്രന്‍ സമിതി മഹാരാഷ്ട്ര (ജെജെഎസ്എം) ആണ് പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനവും വരികളും പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണെന്ന് ജെജെഎസ്എം പ്രസിഡന്റ് മുഹ്സിന്‍ അഹമ്മദ് ആരോപിച്ചു. നബിയും ആദ്യഭാര്യ ഹസ്റത് ഖദീജയും തമ്മിലുളള ബന്ധത്തെ തെറ്റായാണ് പാട്ടില്‍ വിവരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ജിന്‍സി പൊലീസ് ഈ പരാതി സമാനമായ കേസ് നിലനില്‍ക്കുന്ന ഹൈദരാബാദ് പൊലീസിനും അയച്ചുകൊടുത്തു. ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും മതകാര്യങ്ങളിലുളള ഇത്തരം അപവാദങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഹ്സിന്‍ പറഞ്ഞു. അതേസമയം മുംബൈയില്‍ റാസ അക്കാദമിയുടെ നേതൃത്വത്തില്‍ നിരവധി മുസ്ലിം സംഘടനകള്‍ ചിത്രത്തിനെതിരെ മുംബൈയില്‍ പ്രതിഷേധം നടത്തി.

ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലവിനെതിരെ ഹൈദരാബാദില്‍ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തില്‍ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ഗാനത്തിനെതിരെ ഫലക്നുമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ പാട്ട് പിന്‍വലിക്കാന്‍ ആലോചിച്ചത്. എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റി.

എന്നാല്‍ ഗാനം പരിഭാഷപ്പെടുത്തി മുസ്‌ലിം മതപണ്ഡിതന്മാരുടെ സഹായത്തോടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് നീങ്ങുക. കഴിഞ്ഞ ദിവസം പരാതിക്കാരോട് ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ കൊണ്ട് വൈറലായി മാറിയ ഗാനം നടിയായ പ്രിയ എസ് വാര്യരെ ആഗോളതലത്തില്‍ തന്നെ പ്രശസ്തയാക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.