/indian-express-malayalam/media/media_files/uploads/2023/05/train.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിനുള്ളില്‍ തീ വയ്ക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലായിരുന്നു സംഭവം. കൊയിലാണ്ടി കഴിഞ്ഞായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ തീ വയ്ക്കാനുള്ള ശ്രമം. ട്രെയിനിനുള്ളിലെ പോസ്റ്റര്‍ വലിച്ചു കീറി ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാനായിരുന്നു 20 വയസുകാരനായ യുവാവ് ശ്രമിച്ചത്.
തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ തടയുകയായിരുന്നു. യുവാവിനെ പിടികൂടി യാത്രക്കാര്‍ റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിന്റെ കുടുംബവുമായി റെയില്‍വെ പൊലീസ് ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സംശയിക്കുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീയിട്ട സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ പ്രസൂണ്‍ജിത്ത് സിദ്ഗര്‍ പിടിയിലായിരുന്നു. കൊല്‍ക്കത്തയിലെ പര്‍ഗനാസ് സ്വദേശിയായ പ്രസൂണ്‍ജിത്ത് രണ്ട് വര്‍ഷമായി ഭിക്ഷാടനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നതെന്നും തലശേരിയില്‍ എത്തിയ ശേഷം കാര്യമായി പണം ലഭിച്ചിരുന്നില്ലെന്നും ഐജി പറഞ്ഞു.
ഇത് പ്രസൂണ്‍ജിത്തിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. പണം ലഭിക്കാത്തതിന്റെ നിരാശയാണ് കൃത്യത്തിന് പിന്നിലെന്നും ഐജി കൂട്ടിച്ചേര്‍ത്തു. തീയിടുന്നതിനായി എന്തെങ്കിലും ഇന്ധനം ഉപയോഗിച്ചൊ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണവും നടത്തും. എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.
മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടതാണ്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണക്കുകയയിരുന്നു.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു. ഈ കേസില്‍ ഡല്‍ഹി സ്വദേശി ഷാറുഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.