കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ മുറിയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് ആഷിക് അബു. പ്രീഡിഗ്രി കാലത്തെ താൻ ദൃക്‌സാക്ഷിയായ സംഭവം ഓർത്തെടുത്താണ് ആഷിക് അബു എസ്എഫ്ഐ പ്രവർത്തകരെ അനുകൂലിച്ചത്. സംഭവത്തിൽ എസ്എഫ്ഐ യെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് പഴയ മഹാരാജാസ് യൂണിയൻ ചെയർമാനായ ആഷിക് അബു വിന്റെ പോസ്റ്റ് തടസ്സമായത്.

അന്നത്തെ പ്രിൻസിപ്പാളിനെ ഗുണ്ടാസംഘം കഴുത്തിന് പിടിച്ചുയർത്തി കത്തി കാട്ടി ഭയപ്പെടുത്തിയ രംഗമാണ് സംവിധായകൻ പോസ്റ്റിൽ പരാമർശിച്ചത്. ഈ സമയത്ത് ചിതറിയോടിയ വിദ്യാർത്ഥിനികൾക്ക് മുന്നിൽ പ്രിൻസിപ്പാൾ വിറങ്ങലിച്ച് നിന്നപ്പോൾ യൂണിയൻ ഓഫീസിൽ നിന്ന് കൈയ്യിൽ കിട്ടിയ ആയുധവുമായി പാഞ്ഞടുത്ത എസ്എഫ്ഐ പ്രവർത്തകരാണ് സംരക്ഷണമൊരുക്കിയതെന്ന് അദ്ദേഹം പോസ്റ്റിൽ എഴുതി.

പോസ്റ്റിന്റെ പൂർണരൂപം

മഹാരാജാസിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം.
അന്നത്തെ പ്രിൻസിപ്പാൾ ക്യാംപസിൽ നിന്ന് ഒരു ക്രിമിനലായ ഒരു ഔട്ട് സൈടറെ പിടികൂടുന്നു. പ്രിൻസിപ്പലിന്റെ കൂടെ വിരമിക്കാറായ ഒരമ്മാവൻ (പ്യൂൺ) മാത്രം. പിടിയിലകപ്പെട്ട ഗുണ്ടാത്തലവൻ പ്രിൻസിപ്പലിന്റെ കോളറിന് കയറിപ്പിടിച്ച് ഭിത്തിയിലോട്ടുചേർത്തു ഉയർത്തുന്നു. ഗുണ്ടയുടെ കൂടെ മൂന്നുനാലുപേർ ചേരുന്നു, ദേഹത്തൊളിപ്പിച്ചു വെച്ച ചെറിയ വാളുകളും കത്തികളും പുറത്തെടുത്തു അവർ നിമിഷനേരം കൊണ്ട് ഭീതി പടർത്തി. കണ്ടുനിന്ന പ്രീഡിഗ്രി ആദ്യവർഷ വിദ്യാർത്ഥികളായ ഞങ്ങളെല്ലാവരും ഞെട്ടിനിൽക്കുന്നു. പെൺകുട്ടികൾ ചിതറിയോടുന്നു. കൂട്ടകൊലവിളികളും അതിന്റെയും മീതെ കുട്ടികളുടെ നിലവിളികളും. പ്രിൻസിപ്പലിനെ രക്ഷിക്കാൻ ചെന്ന പാവം അമ്മാവൻ ഒരു ഗുണ്ടയുടെ ചെറിയൊരു തള്ളലിൽ തെറിച്ചു താഴെ വീഴുന്നു. പല തവണ പ്രണയം നിഷേധിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ എത്തിയതാണ് ഗുണ്ടാത്തലവനും സംഘവും നന്നായി മദ്യപിച്ചതു കൊണ്ടാവണം പെൺകുട്ടിയുടെ മുൻപിൽവെച്ചു പ്രിൻസിപ്പൽ പിടിച്ചപ്പോൾ അവൻ അത് മഹാരാജാസ് ആണെന്ന് മറന്നുപോയത്. വളരെപ്പെട്ടെന്ന് ഭീതിപരത്തി രക്ഷപ്പെടുക എന്നതായി പിന്നീടവരുടെ വഴി. അപമാനിതനും പരുക്കേറ്റവനുമായ പ്രിൻസിപ്പൽ, ഭയന്നോടുന്ന കുട്ടികൾ, ഞങ്ങൾ കുറച്ചുപേർ ഒന്നും ചെയ്യാനാവാതെ നിശ്ചലമായി നിൽക്കുന്നു.
പിന്നീട് കേട്ടത് ഒരിരമ്പലാണ്…

യൂണിയൻ ഓഫീസിൽ നിന്നുള്ള ഇരമ്പൽ ഇടനാഴികൾ കടന്ന് കെമിസ്ട്രി ബ്ലോക്കിന്റെ പിന്നിലെത്തുമ്പോൾ എല്ലാ കൊലവിളികളും ആക്രോശങ്ങളും അതിന്റെ ഉച്ചസ്ഥായിയിൽ. കൈയ്യിൽ കിട്ടിയ ഡെസ്കിന്റെ കാലുകളും, സ്പോർട്സ് റൂമിൽ നിന്നുള്ള ഹോക്കി സ്റ്റിക്കുകളും ജനാലകളുടെ ഇരുമ്പഴികളും മൺവെട്ടിയുടെ പിടിയും ഇഷ്ടികക്കഷ്ണങ്ങളും ബൈക്കിന്റെ ചെയിനും ക്രിക്കറ്റ് സ്റ്റമ്പും പെയിന്റ് മേടിച്ച പാട്ട ബക്കറ്റും ആയുധങ്ങളാക്കി ഇരമ്പിവന്ന ഒരുകൂട്ടം എസ്എഫ്ഐക്കാരുടെ ദൃശ്യം അതുകണ്ടവരാരും മറക്കാൻ സാധ്യതയില്ല.

കൊച്ചി പോലൊരു നഗരത്തിന്റെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിൽക്കുന്നെങ്കിൽ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ചയല്ല, പ്രിൻസിപ്പലെന്നോ, അധ്യാപകനെന്നോ, വിദ്യാർത്ഥിയെന്നോ വ്യത്യാസമില്ലാതെ ക്യാംപസിനെ സംരക്ഷിച്ചുനിർത്തിയ വിദ്യാർത്ഥികളുടെ മനശക്തിയും മേൽപറഞ്ഞ ‘മരകായുധങ്ങളുമാണ്’
#മഹാരാജാസിനൊപ്പം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ