/indian-express-malayalam/media/media_files/uploads/2023/06/Maharajas.jpg)
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന് കോളജ് കൗണ്‍സില്‍
കൊച്ചി: മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്നു കോളജ് കൗണ്‍സില്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോളേജ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കാന്‍ മഹാരാജാസ് ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ. രാഷ്ട്രമീമാംസ ക്ലാസിലാണ് അധ്യാപകനെ അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ നടന്നത്. ഡോ. പ്രിയേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ.എസ്.യു. നേതാവടക്കമുള്ള ആറ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നു കൗണ്‍സില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു.
അതേസമയം വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ ഒന്നും വേണ്ടെന്ന് ഡോ. പ്രിയേഷ് പൊലീസ് അന്വേഷണ സംഘത്തോടും അന്വേഷണ കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയില്‍ എവിടെ വച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് തീരുമാനിക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണം. കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയായി. ഓണം അവധി കഴിഞ്ഞായിരിക്കും ഇതില്‍ തീരുമാനമുണ്ടാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.