കൊച്ചി: വര്‍ഷങ്ങളായി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തുടരുന്ന മഹാരാജാസ് കോളേജ് യൂണിയൻ ഇത്തവണയും ചുവന്നുതന്നെ. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റൊഴികെ മുഴുവനും എസ്എഫ്ഐ പിടിച്ചെടുത്തു. കെഎസ്‍യു, എബിവിപി പ്രസ്ഥാനങ്ങളെ നിഷ്പ്രഭരാക്കിയാണ് എസ്എഫ്ഐയുടെ തേരോട്ടം. വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ആദ്യമായി ഒരു വനിതാ പ്രതിനിധിയെ മുന്നില്‍ നിര്‍ത്തിയതിലൂടെയാണ് മഹാരാജാസിന്റെ കലാലയ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയായത്.

SFI, Maharajas College, Election

ചരിത്രം കുറിച്ച് ഇത് ആദ്യമായാണ് ഒരു വനിതാ പ്രതിനിധി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാകന്നതും ഒടുവില്‍ വിജയം പിടിച്ചെടുക്കുന്നതും. വൈസ് ചെയര്‍പേഴ്‌സണ്‍, സര്‍വകലാശാല യൂണിയന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്എഫ്ഐ വനിതാ പ്രതിനിധികളും വിജയിച്ചു കയറി. രാജകീയമായ കലാലയമായ മഹാരാജാസിന്റെ വിദ്യാർഥികളുടെ ശബ്ദമാകാൻ കഴിയുക എന്നത് വലിയൊരു അംഗീകാരമാണെന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മൃഥുല ഗോപി പ്രതികരിച്ചു.

121 വോട്ടുകള്‍ക്കാണ് മൃദുലാ ഗോപിയുടെ വിജയം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദ് രണ്ടാമതെത്തി. മൃദുലാ ഗോപി 884 വോട്ടുകള്‍ നേടിയപ്പോള്‍ 763 വോട്ടാണ് ഫുവാദിന്റെ സമ്പാദ്യം. കെഎസ്‌യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1947 ലാണ് ഇതിന് മുൻപ് മഹാരാജാസ് കോളേജിന് ഒരു ചെയർപേഴ്സൺ ഉണ്ടായിരുന്നത്. 1947 ൽ അനിയത്തി മേനോനാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

വൈസ് ചെയര്‍പേഴ്‌സന്‍ ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന,കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച മറ്റ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍.


Read More : മൃദുല രാഷ്ട്രീയമറിഞ്ഞു വളര്‍ന്ന കുട്ടി; മകളുടെ വിജയത്തില്‍ അഭിമാനമെന്ന് അച്ഛന്‍ ഗോപി

മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിക്കൽ, സ്വയംഭരണത്തിന് എതിരായ സമരം തുടങ്ങി നിരവധി വിവാദങ്ങൾക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ വാശിയേറിയ മത്സരമാണ് കോളേജിൽ നടന്നത്. എസ്എഫ്ഐ തങ്ങളുടെ ചെങ്കോട്ട കാത്തപ്പോൾ ഒരു സീറ്റ് സ്വന്തമാക്കി ഫ്രറ്റേണിറ്റി എന്ന സംഘടന മഹാരാജാസിൽ തങ്ങളുടെ അക്കൗണ്ട് തുറന്നു. മൂന്നാം വർഷ വിദ്യാർഥികളുടെ പ്രതിനിധിയായി ഫ്രെറ്റേണിറ്റിയുടെ സ്ഥാനാർഥിയാണ് വിജയിച്ചത്.


എസ്എഫ്ഐയുടെ വിജയാഘോഷം

ചെയര്‍ പേഴ്‌സണ്‍: മൃദുലാ ഗോപി
വൈസ് ചെയര്‍പേഴ്‌സണ്‍: ഷഹാന മന്‍സൂര്‍
ജനറല്‍ സെക്രട്ടറി: ജിഷ്ണു ടി ആര്‍
യുയുസി: ഇര്‍ഫാന പി ഐ, രാഹുല്‍ കൃഷ്ണന്‍
ആര്‍ട്‌സ്‌ക്ലബ്ബ് സെക്രട്ടറി: അരുണ്‍ ജഗദീശന്‍
മാഗസീന്‍ എഡിറ്റര്‍: രേതു കൃഷ്ണന്‍
വനിതാ പ്രതിനിധികള്‍ : സാരംഗി കെ, ശ്രീലേഖ ടി കെ
ഒന്നാം വര്‍ഷ ബിരുദപ്രതിനിധി: മുഹമ്മദ് തൊയിബ്
രണ്ടാം വര്‍ഷ ബിരുദപ്രതിനിധി: സിദ്ധു ദാസ്
മൂന്നാം വര്‍ഷ ബിരുദപ്രതിനിധി: ഇഷാഖ് ഇബ്രാഹിം
ഒന്നാം വര്‍ഷ പിജി പ്രതിനിധി: അനുരാഗ് ഇ കെ
രണ്ടാം വര്‍ഷം പിജി പ്രതിനിധി: വിദ്യ കെ

‘മഹാരാജാസ് കോളേജിനെതിരെയും വിദ്യാർഥികൾക്ക് എതിരെയും വലിയ അപവാദപ്രചരണം നടന്ന കാലഘട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നതെന്നും, ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുക എന്നത് വിദ്യാർഥികളുടെ വിജയമാണ് എന്നും കോളേജ് വികസന കൗൺസിലിലെ പൂർവ്വ വിദ്യാർഥി അംഗം ജയചന്ദ്രൻ സിഐസിസി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ