കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം സ്വദേശി ബിലാൽ, മഹാരാജാസിൽ ഒന്നാം വർഷ ബിരുദ പഠനത്തിന് പ്രവേശനം നേടിയ പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോർട്ട്കൊച്ചി സ്വദേശിയും എസ്‌ഡിപിഐ പ്രവർത്തകനുമായ റിയാസ് എന്നിവരാണ് പിടിയിലായത്.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് 13 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരിൽ നാല് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശേഷിച്ചവർക്കായി തിരച്ചിൽ നടക്കുകയാണ്. കൊലയ്‌ക്ക് മുൻപ് ഇവർ തങ്ങിയിരുന്ന മഹാരാജാസ് കോളേജിന് സമീപത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ രാത്രി ഇവിടെ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. കൊലയ്‌ക്ക് ശേഷം കൊലയാളി സംഘത്തിലെ ചിലർ ഈ വീട്ടിലേക്ക് തിരികെയെത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നുളള സിസിടിവി രേഖകൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അഭിമന്യുവിനെയും അർജുനെയും കുത്തിയ ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്ക് കടന്നത് ഓട്ടോറിക്ഷയിലാണ്. ഈ ഓട്ടോഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇന്നലെ അക്രമി സംഘത്തെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. പ്രതികൾ ഒളിവിൽ പോയതായാണ് സംശയിക്കുന്നത്.

അതേസമയം, കരളിന് മാരകമായി പരുക്കേറ്റ അർജുൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ടതായാണ് വിവരം. അപകടനില തരണം ചെയ്‌തിട്ടുണ്ട്. ആന്തരിക രക്തസ്രാവം പരിഹരിച്ചു.

എന്നാൽ ഇന്ന് വൈകുന്നേരത്തോടെ  മാത്രമേ അർജുന്റെ ആരോഗ്യനില സംബന്ധിച്ച് എന്തെങ്കിലും പറയാൻ സാധിക്കൂവെന്നാണ് മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.