കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ 13 പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഘർഷങ്ങളുടെ തുടക്കം ഞായറാഴ്‌ച ഉച്ചയോടെയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോളേജിനകത്തും സമീപത്തും പോസ്റ്ററുകളും കൊടികളും പതിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകരും ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിന് ശേഷം ഇരുവിഭാഗവും പിരിഞ്ഞുപോയി. എന്നാൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ അടങ്ങുന്ന ഒരു സംഘം കോളേജിന് സമീപത്ത് തന്നെ തമ്പടിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം രാത്രിയോടെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ ബുക്ക് ചെയ്‌ത ചുവരുകളിൽ തങ്ങളുടെ മുദ്രാവാക്യം എഴുതി. ഇതിന് ശേഷവും ഇവർ ക്യാംപസിന് സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു.

എന്നാൽ അർദ്ധരാത്രിയോടെ മടങ്ങിയെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തുകൾക്ക് മുകളിൽ മുദ്രാവാക്യം എഴുതി. അപ്പോഴേക്കും എതിരാളികൾ ഇവിടേക്ക് എത്തിയെന്നാണ് കരുതപ്പെടുന്നത്.

സംഘർഷത്തിനുളള സാധ്യത മുന്നിൽ കണ്ട് കരുതിക്കൂട്ടി തന്നെയാണ് ക്യാംപസ് ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.

എന്നാൽ ഉച്ചയ്‌ക്ക് സംഘർഷം നടന്നുവെന്ന പ്രചാരണം തെറ്റാണെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി  ആർഷോ കാഞ്ഞിരപ്പുഴ വ്യക്തമാക്കി. “അത്തരത്തിലൊരു സംഘർഷം നടന്നിട്ടില്ല. അത് തെറ്റായ പ്രചരണമാണ്. വൈകിട്ടാണ് സംഘർഷം നടന്നത്,” ആർഷോ പറഞ്ഞു.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ സംഘത്തിന്റെ കത്തി പ്രയോഗത്തിൽ എസ്എഫ്ഐ പ്രവർത്തകരിൽ രണ്ട് പേർക്ക് മാരകമായും ചിലർക്ക് നിസാരമായും പരുക്കുകൾ ഏറ്റിരുന്നു. ഹൃദയത്തിന് കുത്തേറ്റ അഭിമന്യു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി അർജുന്റെ നില ഭേദപ്പെട്ടതായാണ് വിവരം.

ഇന്നലെ വൈകുന്നേരത്തോടെ അർജുനെ വെന്റിലേറ്ററിൽ നിന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.  ആന്തരിക അവയവങ്ങളിലാണ് ഇദ്ദേഹത്തിന് മാരകമായി മുറിവേറ്റിരിക്കുന്നത്. ഇന്നലത്തെ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആന്തരിക രക്തസ്രാവം പൂർണ്ണമായും ഭേദപ്പെട്ടു. വൈകുന്നേരത്തോടെ അർജുനെ ഐസിയുവിലേക്ക് മാറ്റി.

അതേസമയം വിദ്യാർത്ഥികളെ കുത്തിയത് പരിശീലനം സിദ്ധിച്ച ഒരാളാണെന്നാണ് പൊലീസിന്റെ നിഗമനം.  അർജുൻ സംസാരിക്കാൻ സാധിക്കും വിധം ആരോഗ്യം വീണ്ടെടുത്താൽ ഉടൻ, പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയെടുക്കും. സംഭവത്തിൽ അർജുന്റെ മൊഴിയാണ് നിർണ്ണായകമായി കരുതുന്നത്.

എന്നാൽ ഉച്ചയ്‌ക്ക് ക്യാംപസ് ഫ്രണ്ടുമായി സംഘർഷം നടന്നിട്ടും ഇക്കാര്യം പൊലീസോ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമോ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വീഴ്‌ച സംഭവിച്ചത് സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.