Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

അഭിമന്യു വധം; അക്രമം എസ്എഫ്ഐ പ്രവർത്തകരെ ഭയപ്പെടുത്തി അടക്കി നിർത്താൻ ഉദ്ദേശിച്ച്

ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായം ലഭിക്കുന്ന എല്ലാ സ്രോതസ്സുകളും അടയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ഒരു തരത്തിൽ പുകച്ച് പുറത്ത് ചാടിക്കുക എന്ന തന്ത്രമാണ് പൊലീസ് പയറ്റുന്നത്.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ പങ്കാളികളായവരെ പിടികൂടാനാകാതെ പൊലീസ്. ഇതുവരെ ആറ് പേർ പിടിയിലായതിൽ മൂന്ന് പേർ മാത്രമാണ് സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തത്. സംഭവം നടന്ന ദിവസം രാത്രി സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരായ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് ഈ മൂന്ന് പേരെയും പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

അതേസമയം, പിടിയിലായ പ്രതികളുടെ മൊഴിയിൽ നിന്ന് അക്രമത്തിന് പിന്നിലെ കാരണം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. “മഹാരാജാസ് കോളേജിൽ ഒന്നര വർഷമായി സമാധാനം നിലനിന്നിരുന്നു. ഇത് തകർക്കാനും ക്യാംപസിൽ എസ്എഫ്ഐയെ ഭയപ്പെടുത്തി അടക്കി നിർത്താനും അതിലൂടെ സ്വാധീനം നേടാനുമാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നത്. ഇതിനുളള ചർച്ചകൾ നേരത്തെ നടന്നിരുന്നുവെന്നാണ് കരുതുന്നത്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിക്കുന്നുണ്ട്,” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വളരെ കുറച്ച് പേർ മാത്രമായിരുന്നു ക്യാംപസ് ഫ്രണ്ടിനെ അനുകൂലിച്ചിരുന്നത്. ഇവിടെ കൂടുതൽ സ്വാധീനം നേടാൻ എസ്എഫ്ഐ പ്രവർത്തകരെ ഭയപ്പെടുത്താനായിരുന്നു ഉദ്ദേശം. പരമാവധി വിദ്യാർത്ഥികളെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതികൾ കോളേജിന് സമീപത്ത് സംഘടിച്ചെത്തിയത്.

ജൂലൈ ഒന്നിന് അദ്ധരാത്രി നടന്ന സംഘർഷത്തിൽ അഭിമന്യു കൊല്ലപ്പെട്ടപ്പോൾ, അർജുൻ എന്ന വിദ്യാർത്ഥി കുത്തേറ്റ് അത്യാസന്ന നിലയിലായിരുന്നു. വിഷ്ണുവെന്ന മറ്റൊരു വിദ്യാർത്ഥി കുത്തേറ്റ് ദിവസങ്ങളോളം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. മറ്റ് മൂന്ന് പേർക്ക് കത്തി കൊണ്ടുളള ആക്രമണത്തിൽ പരുക്കേറ്റിരുന്നുവെന്നാണ് വിവരം.

ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായം ലഭിക്കുന്ന എല്ലാ സ്രോതസ്സുകളും അടയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ഒരു തരത്തിൽ പുകച്ച് പുറത്ത് ചാടിക്കുക എന്ന തന്ത്രമാണ് പൊലീസ് പയറ്റുന്നത്. ഇതിനാണ് 12 പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. എന്നാൽ ഇവരെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇതുവരെയും പൊലീസിന് വ്യക്തമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം, എസ്എഫ്ഐ നേതാവിന്റെ കൊലപാതകം സിപിഎമ്മിനകത്തും ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. രാത്രി സംഘർഷത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് വിദ്യാർത്ഥി സംഘടനാ നേതൃത്വത്തിന്റെ വീഴ്ചയായി വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വസതി, മഹാരാജാസ് കോളേജ്, എറണാകുളം ജനറൽ ആശുപത്രി തുടങ്ങിയവ നിലനിൽക്കുന്ന പ്രദേശത്ത് രാത്രി പട്രോളിങ്ങിന് പൊലീസ് സംഘം എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണമെന്ന് സിപിഎമ്മിന്റെയും യുവജന സംഘടനയുടെയും കീഴ്‌ഘടകങ്ങളിൽ ചർച്ച ഉയർന്നിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maharajas college sfi activist abhimanyu murder case sdpi campus front plans to create maximum damage

Next Story
‘അമ്മ’ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പാര്‍വ്വതിയെ വിലക്കിയിട്ടില്ല: മോഹന്‍ലാല്‍Mohanlal and Parvathy
The moderation of comments is automated and not cleared manually by malayalam.indianexpress.com