കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും റിമാന്റ് ചെയ്‌തു. ഈ മാസം 17 വരെയാണ് റിമാന്റ്. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ചുമതലയുളള സിഐ എ.അനന്തലാൽ പറഞ്ഞു.

കോട്ടയം കങ്ങഴ സ്വദേശി ബിലാൽ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറോക്ക് അമൻ, പള്ളുരുത്തി സ്വദേശി റിയാസ് ഹുസൈൻ എന്നിവരാണ് റിമാന്റിലായത്.  ഇവരിൽ രണ്ട് പേർ ക്യാംപസ് ഫ്രണ്ടിന്റെയും ഒരാൾ എസ്‌ഡിപിഐയുടെയും പ്രവർത്തകനാണ്.  ഇന്നലെ രാത്രി 10.30 യോടെയാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

അതേസമയം അഭിമന്യു ഇല്ലാതെ മഹാരാജാസ് കോളേജ് ഇന്ന് വീണ്ടും തുറക്കും. വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സ്ഥിതി അവലോകനം ചെയ്‌ത ഇന്നലത്തെ കോളേജ് കൗൺസിൽ യോഗം പ്രതിസ്ഥാനത്തുളള രണ്ട് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ക്ലാസ് തുറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ ക്ലാസുകൾ നടക്കാൻ സാധ്യതയില്ല.

കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകൻ അർജുന്റെ മൊഴി രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് എസിപി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി അർജുന്റെ മൊഴി രേഖപ്പെടുത്തിയത്.

മുഖ്യപ്രതി മുഹമ്മദ് അടക്കം മറ്റ് പ്രതികളെ പിടികൂടാനുളള ഊർജിത ശ്രമത്തിലാണ് പൊലീസ്.  കോളേജിലേക്ക് കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് മുഖ്യപ്രതി മുഹമ്മദ്‌ ആണെന്ന്  പൊലീസ് കണ്ടെത്തി.  എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് മുഹമ്മദ് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവത്തിന്റെ ഗൂഢാലോചന.

രാത്രി ചുവരെഴുത്തിനായി മുഹമ്മദും സംഘവും എറണാകുളം നോർത്തിലെ വീട്ടിൽ നിന്നാണ് പുറപ്പെട്ടത്. ഇവർ ഇവിടെ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം എഴുതാൻ വെളള പൂശി വച്ചിരുന്ന ചുവരിലാണ് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തങ്ങളുടെ മുദ്രാവാക്യം എഴുതിയത്.

പിന്നീട് എസ്എഫ്ഐ പ്രവർത്തകർ ഇതിന് മുകളിൽ തങ്ങളുടെ മുദ്രാവാക്യവും എഴുതി. സംഭവസ്ഥലത്ത് എത്തിയ എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ തർക്കം നടന്നപ്പോഴാണ് അഭിമന്യുവിനും അർജുനും അടക്കമുളള എസ്എഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.