/indian-express-malayalam/media/media_files/uploads/2023/06/vidhy-vijayan.jpg)
കെ.വിദ്യ. ഫൊട്ടോ: ഫെയ്സ്ബുക്ക്
കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവുകള്‍ ശേഖരിച്ചു. അഗളി പോലീസാണ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിള പറഞ്ഞു.
അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്. കോളജ് അധികൃതര്‍ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. അതേസമയം വിദ്യ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലാത്തതിനാല്‍ പോലീസ് ചുമത്തിയിരിക്കുന്ന ജാമ്യമില്ലാക്കുറ്റമായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 468 നിലനില്‍ക്കില്ലെന്നാണ് പ്രധാന വാദം.
വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ സീല്‍ വ്യാജമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിള പറഞ്ഞത്. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോളജില്‍ നിന്നും നല്‍കിയിട്ടില്ലെന്നും ഡോ. ബിന്ദു ശര്‍മ്മിള വ്യക്തമാക്കി. വിദ്യ ഹാജരാക്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ അഗളി സിഐ സലിമിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി കോളജിലും പരിശോധന നടത്തി. അട്ടപ്പാടി കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചറര്‍ തസ്തികയ്ക്കായി അഭിമുഖത്തിന് എത്തിയപ്പോര്‍ ഒപ്പമുണ്ടായിരുന്നയാളെ കുറിച്ചുടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യയുടെ ഫോണ്‍ രേഖകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us