കൊച്ചി: കരളും പാൻക്രിയാസും കടന്ന് ശ്വാസകോശത്തിൽ പോറലേൽപ്പിച്ചു എതിരാളിയുടെ കത്തി. ഏഴ് ഇഞ്ചോളം നീളത്തിൽ ആന്തരികാവയവങ്ങളിലേക്ക് കത്തി ആഴ്ന്നുപോയി. മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോഴും അവൻ പറഞ്ഞത്, “എന്നെ മഹാരാജാസിൽ നിന്ന് മാറ്റരുത്,” എന്ന്.

എറണാകുളം മഹാരാജാസ് കോളേജിൽ എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി കുത്തേറ്റ അർജുൻ മയക്കത്തിൽ നിന്നുണർന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വേദന അറിയാതിരിക്കാനുളള മരുന്നിന്റെ പിൻബലത്തിലാണ്  ഇപ്പോൾ. ഇടയ്‌ക്ക് ബോധമുണർന്നപ്പോൾ അമ്മ ജെമിനി അകത്ത് കയറി മകനെ കണ്ടു. അമ്മയോടാണ് അവൻ പറഞ്ഞത്, തനിക്ക് മഹാരാജാസിൽ തന്നെ തുടർന്നും പഠിക്കണമെന്ന്.

തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് അർജുനും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടത്. അക്രമികളുടെ കത്തിമുനയിൽ സുഹൃത്ത് അഭിമന്യു മരണക്കയത്തിലേക്ക് പോയത് അർജുൻ ഇതുവരെ അറിഞ്ഞിട്ടില്ല. അഭിമന്യുവും ഐസിയുവിൽ ചികിത്സയിലാണെന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്.

ബന്ധുക്കളെല്ലാം വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു ചമ്മൽ. “ഫെയ്‌സ്‌ബുക്കിലൊക്കെ വൈറലായോ അമ്മേ?” എന്നായിരുന്നു ചോദ്യം. മഹാരാജാസിൽ തുടർന്നും പഠിക്കണമെന്ന മകന്റെ ആവശ്യത്തോട് അതൊക്കെ നമുക്ക് ആലോചിക്കാമെന്നാണ് അമ്മ ജെമിനി പറഞ്ഞത്.

കൊട്ടാരക്കരയിൽ ഒരു അൺ എയ്‌ഡഡ് സ്കൂളിൽ പ്രൈമറി ടീച്ചറാണ് അമ്മ. എൻജിനീയറിങ് ബിരുദധാരിയായ അവർക്ക് ലഭിച്ചത് ആ ജോലി! അച്‌ഛൻ മനോജ് ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപകൻ. വേനലവധി കഴിഞ്ഞ് ശനിയാഴ്‌ചയാണ് അദ്ദേഹം തിരികെ പോയത്. അന്ന് എറണാകുളത്തായിരുന്നു മകൻ അർജുൻ. ഇവിടെയെത്തി മകനെ കണ്ടിട്ടാണ് അദ്ദേഹം പോയത്. എന്നാൽ അവിടെയെത്തും മുൻപ് മകന് കുത്തേറ്റ് ഗുരുതരാവസ്ഥയിലാണെന്ന വിവരം അദ്ദേഹം അറിഞ്ഞു. സ്കൂളിലെത്തി അവധിക്ക് അപേക്ഷിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം നാളെ രാവിലെ എറണാകുളത്തെത്തും.

അതേസമയം നാളെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ അർജുനെ നിരീക്ഷണത്തിൽ വയ്‌ക്കാനാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം മറ്റന്നാൾ മുറിയിലേക്ക് മാറ്റിയേക്കുമെന്നാണ് കരുതുന്നത്. ആന്തരിക രക്തസ്രാവം പൂർണ്ണമായും നിലച്ചിട്ടുണ്ട്. എങ്കിലും അവന് ചുറ്റുമുളള ഓരോ ഹൃദയവും പിടക്കുന്നുണ്ട്. അവന്റെ അരുമ സഖാവ് അഭിമന്യുവിന്റെ മരണം അവനെങ്ങിനെ സഹിക്കുമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരേപോലെ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.