തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി മഹാനവമി-വിജയദശമി ആശംസകൾ നേർന്നത്. നേഹ, കനി, ദിയ, ഫിദൽ എന്നീ കുട്ടികളെ എഴുത്തിനിരുത്തിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
“അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണ് അറിവിൻ്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.”
“കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നുവെന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം.” മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി നിരവധി കുരുന്നുകളാണ് ഇന്ന് ആദ്യക്ഷരം കുറിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലായിടത്തും ചടങ്ങുകൾ സംഘടിപ്പിച്ചത്.
Also Read: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ