നാടും നഗരവും ശിവരാത്രി ആഘോഷിക്കാനുളള തയാറെടുപ്പിലാണ്. ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

Lord Shiva

(Source: Thinkstock Images)

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്ത് വന്നു. വിഷം ഭൂമിയിൽ സ്‌പർശിച്ച് ജീവജാലങ്ങൾക്ക് നാശമുണ്ടാകാതിരിക്കാനായി ശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ വിഷം ഉളളിൽ ചെന്ന് ശിവന് ആപത്തുണ്ടാകാതാരിക്കാനായി പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്‌ഠത്തിൽ മുറുകെ പിടിച്ചു. വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്‌ണു വായ് പൊത്തി പിടിക്കുകയും ചെയ്‌തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു.

ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.