കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരള തീരം വിടുന്നു. ഇതോടെ കേരളത്തില്‍ മഴ കുറയും. കഴിഞ്ഞ ദിവസം രാത്രി മഴ ഉണ്ടായിരുന്നെങ്കിലും ഇന്നു രാവിലെ പൊതുവേ ശാന്തമായ കാലാവസ്ഥയാണ്. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്.
‘മഹ’കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക,ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത തുടരണം. കടലിൽ മത്സ്യബന്ധത്തിനു പോകരുതെന്ന് നിർദേശമുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മൂന്നു ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇവിടെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിൽ ഇന്നു യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ കനത്ത മഴയാണ് ലഭിച്ചത്.
‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.