തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് മണിക്കൂറിൽ 26 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനക്കുന്നു. പല ജില്ലകളിലും രാത്രി മുതൽ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്.
അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി, പറവൂർ എന്നീ താലൂക്കുകളിലും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലുമാണ് ഇന്ന് അവധി. പ്രൊഫഷണൽ കോളെജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മറ്റ് ജില്ലകളിലൊന്നും ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളിൽ അവധിയുണ്ടെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
Read Also: അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ്; കേരള തീരത്ത് കനത്ത ജാഗ്രത
കനത്ത മഴയുടെ സാഹചര്യത്തിൽ എംജി യൂണിവേഴ്സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രതാ നിർദേശമാണ് സംസ്ഥാനത്തുള്ളത്. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം. കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കണം.
കേരളം ‘മഹാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ചുഴലിക്കാറ്റ് മണിക്കൂറിൽ 26 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.